തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് രഹസ്യമായി വയ്ക്കുന്നത് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) ആവശ്യപ്പെട്ടിട്ടാണെന്ന നിയമമന്ത്രി പി.രാജീവിന്റെ പ്രസ്താവന തള്ളി സംഘടന. ജനുവരി 21ന് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നല്‍കിയ കത്ത് പുറത്തുവിട്ടുകൊണ്ടാണ് ഡബ്ല്യൂസിസിയുടെ പ്രതികരണം. നാലാം തീയതി സര്‍ക്കാര്‍ ക്ഷണിച്ച യോഗത്തില്‍ ഏറെ പ്രതീക്ഷയോടെ തന്നെ പങ്കെടുക്കുമെന്നും ഡബ്ല്യൂഡിസി വ്യക്തമാക്കി.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടു പോയപ്പോള്‍ ഞങ്ങള്‍ സാധ്യമായ എല്ലാ സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് നിശ്ശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തിയിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര.
അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് കമ്മിറ്റികള്‍ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങള്‍ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിര്‍ദ്ദേശങ്ങളില്‍ അവര്‍ എത്താനുണ്ടായ കാരണം പൊതു ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവണ്‍മെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് അതിപ്രധാനമാണ്.
നാലാം തീയതി ഗവണ്‍മെന്റ് ക്ഷണിച്ച മീറ്റിങ്ങില്‍ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങള്‍ പങ്കെടുക്കുന്നത്.- കത്ത് പുറത്തുവിട്ടുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടത് ഡബ്ല്യുസിസിയാണെന്ന് നിയമമന്ത്രി പി.രാജീവ് രാവിലെ പറഞ്ഞത്. ശിപാര്‍ശകള്‍ നടപ്പാക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. തന്നെ കണ്ടശേഷം ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രഹസ്യാത്മകത സൂക്ഷിക്കും എന്നറിഞ്ഞുകൊണ്ടാണ് പലരും കമ്മിറ്റിക്ക് മൊഴി നല്‍കിയതെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത് നിഷേധിച്ച ഡബ്ല്യൂസിസി അന്ന് മന്ത്രിക്ക് നല്‍കിയ കത്ത് പുറത്തുവിടുകയായിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news