തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചു; പ്രഖ്യാപനം ഇന്ന്: ഉമ തോമസ് തന്നെയെന്ന് സൂചന

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചരിത്രം കുറിച്ച് കോണ്‍ഗ്രസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിനുള്ളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചുവെന്നും പ്രഖ്യാപനം ഇന്നു തന്നെ നടക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ പേര് ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്ന് ഇന്ദിര ഭവനില്‍ കൂടിയാലോചനയ്ക്കു ശേഷം നേതാക്കള്‍ ഒരുമിച്ചെത്തി മാധ്യമങ്ങളോട് പറഞ്ഞു. കെ.സുധാകരന്‍, ഉമ്മന്‍ ചാണ്ടി, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥനാര്‍ത്ഥി നിര്‍ണയം നിര്‍വഹിച്ചത്.

പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് തന്നെ തൃക്കാക്കരയില്‍ മത്സരിക്കുമെന്നാണ് സൂചന. പി.ടി തോമസ് എന്ന വികാരം ഉള്‍ക്കൊണ്ടു കൊണ്ടാണ് സ്ഥനാര്‍ത്ഥിയെ നിശ്ചയിച്ചിരിക്കുന്നത്.

പി.ടി തോമസിന്റെ നഷ്ടം നികത്താനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പി.ടിയുടെ ഓര്‍മ്മ ആ മണ്ഡലത്തില്‍ നിന്ന് മാറിയിട്ടില്ല. പി.ടിക്ക് മണ്ഡലത്തോടുള്ള വൈകാരിക ബന്ധം പരിഗണിച്ച് ഇന്ന് വൈകിട്ട് ആറു മണിക്ക് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. തൃക്കാക്കരയില്‍ മാത്രമല്ല, സംസ്ഥാനത്താകെ ഈ സര്‍ക്കാരിനെ മുഴുവനായി തുറന്നുകാട്ടും.

സില്‍വര്‍ ലൈന്‍ അടക്കമുള്ള എല്ലാ വിനാശകരമായ പ്രവര്‍ത്തനങ്ങളും തുറന്നു കാണിക്കും. വികസനം വേണ്ട എന്നല്ല, വിനാശം വേണ്ട എന്നാണ് യുഡിഎഫ് നിലപാട്. ഇവിടെ സഹതാപ തരംഗമല്ല, രാഷ്ട്രീയമായി തന്നെ സര്‍ക്കാരിനെ നേരിടാനാണ് തീരുമാനം. സര്‍ക്കാരിന്റെ മാത്രമല്ല, പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പ്. പി.ടി തോമസിനു ലഭിച്ചതിനേക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

യോ​ഗത്തിന് മുൻപേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശൻ ആശയവിനിമയം നടത്തിയിരുന്നു. പിടി തോമസിൻ്റെ സിറ്റിം​ഗ് സീറ്റിൽ ഉമാ തോമസ് തന്നെ മത്സരിക്കണം എന്നാണ് കോൺ​ഗ്രസിലെ പൊതുവികാരം. ഇക്കാര്യത്തിൽ കെ.സുധാകരനും വിഡി സതീശനും ഒറ്റക്കെട്ടുമാണ്. ഉമ തോമസിനെ സ്ഥാനാ‍ർത്ഥിയാക്കുന്നതിനെതിരെ ഡൊമനിക് പ്രസൻ്റേഷൻ അടക്കമുള്ളവ‍ർ രം​ഗത്ത് വരാൻ സാധ്യതയുണ്ടെങ്കിലും പ്രതിഷേധം അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ് നേതൃത്വം.

തൃക്കാക്കരയിൽ വികസനത്തിനൊപ്പം നിൽക്കും എന്ന പ്രസ്താവനയിലൂടെ കെ.വി.തോമസ് നൽകിയ സൂചനകളെ കെപിസിസി നേതൃത്വം കൃത്യമായി മനസ്സിലാക്കുന്നുണ്ട്. ഉമ തോമസിൻ്റെ സ്ഥാനാ‍ർത്ഥിത്വത്തിനെതിരെ പലതരം വിമർശനങ്ങളുണ്ടാവാനുള്ള സാധ്യത ശക്തമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ തൃക്കാക്കരയിലെ ഏറ്റവും ബെസ്റ്റ് ഓപ്ഷൻ ഉമയാണ് എന്ന് കെ.സുധാകരനും സംഘവും കരുതുന്നു. മുൻ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരം​ഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോൺ​ഗ്രസ് സംഘടനാ സംവിധാനം പൂ‍ർണമായും പ്രവർത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം.

പിടി തോമസിനോടുള്ള തൃക്കാക്കരയിലെ ജനങ്ങൾക്കുള്ള ആത്മബന്ധം ഉമയ്ക്ക് തുണയാവുമെന്നും നഗരസ്വഭാവമുള്ള തൃക്കാക്കര പോലൊരു മണ്ഡലത്തിൽ ഒരു വനിതാ സ്ഥാനാർത്ഥി വരുന്നത് അനുയോജ്യമായിരിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. രാഷ്ട്രീയ ചരിത്രത്തിൽ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകൾ മാത്രം നടന്നിട്ടുള്ള മണ്ഡലത്തിൽ ആദ്യ വിജയം നേടാൻ എൽഡിഎഫ് നിയോഗിച്ച സ്വതന്ത്ര സ്ഥാനാർഥി ഡോ. ജെ. ജേക്കബിനെ 14329 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ടി. തോമസ് വിജയം പിടിച്ചു നിർത്തിയത്. എൽഡിഎഫ് സ്ഥാനാർഥി ഡോ. ജെ. ജേക്കബ് 45,510 വോട്ട് നേടി.

കോളജ് പഠനകാലം മുതൽ എറണാകുളവുമായി അടുത്ത ബന്ധം പുലർത്തുന്ന പി.ടിയുടെ രാഷ്ട്രീയാതീത സൗഹൃദങ്ങളും ജയത്തിനു തുണയായിരുന്നു. തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിൽ നിന്നു ചില ഭാഗങ്ങൾ വീതം ചേർത്തു 2011ൽ രൂപീകരിച്ച മണ്ഡലമാണ് തൃക്കാക്കര. നേരത്തെ വോട്ടു ചെയ്ത 2011ലും 2016ലും ജയം അനുഗ്രഹിച്ചതു യുഡിഎഫിനെയായിരുന്നു. 2011ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ബെന്നി ബഹനാനു കണ്ണഞ്ചിക്കുന്ന ഭൂരിപക്ഷം നൽകി തൃക്കാക്കര എൽഡിഎഫിനെ ഞെട്ടിച്ചു. സിപിഎമ്മിലെ എം.ഇ.ഹസൈനാരെ അദ്ദേഹം വീഴ്ത്തിയതു 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു.

2011 ലെ നിയമസഭ, 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഗംഭീര ഭൂരിപക്ഷം കിട്ടിയതോടെ തൃക്കാക്കര മണ്ഡലത്തെയും യുഡിഎഫ് പ്രവർത്തകർ സ്വന്തം ‘കോട്ട’കളുടെ പട്ടികയിലാണ് പെടുത്തിയിരുന്നത്. 2016ൽ സിറ്റിങ് എംഎൽഎ ബെന്നി ബഹനാനു പകരം പി.ടി.തോമസിനെയാണു മണ്ഡലം നിലനിർത്താൻ കോൺഗ്രസ് നിയോഗിച്ചത്. അവസാന നിമിഷം വരെ നീണ്ട രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിലായിരുന്നു ബെന്നിയുടെ പിൻമാറ്റം. പലവട്ടം എംപിയും എംഎൽഎയുമൊക്കെ ആയ ഡോ.സെബാസ്റ്റ്യൻ പോളിന്റെ കരുത്തിൽ വിജയിക്കാമെന്നായിരുന്നു എൽഡിഎഫ് മോഹം പക്ഷേ, പി.ടി.തോമസിനു മുന്നിൽ അതു പൊലിയുകയായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം ഉറച്ചു നിന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കാക്കര നഗരസഭാ ഭരണവും യുഡിഎഫ് നേടിയിരുന്നു. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളുടെ പോരിനിടയിൽ സ്വന്തം കരുത്തു തെളിയിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. 2011ൽ എൻ.സജികുമാർ 5,935 വോട്ടു നേടിയപ്പോൾ 2016ൽ എസ്.സജി നേടിയതു 21,247 വോട്ടുകളായിരുന്നു. വോട്ടുവിഹിതം വർധിപ്പിക്കാനായത് ബിജെപിക്ക് ആവേശം നൽകിയിരുന്നു. പഞ്ചായത്തുകളില്ലാത്ത നിയമസഭാ മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര നഗരസഭയും കൊച്ചി കോർപറേഷനിലെ ഏതാനും ഡിവിഷനുകളും ചേർന്ന മണ്ഡലമാണിത്.

Print Friendly, PDF & Email

Leave a Comment

More News