മകന്റെ അറസ്റ്റിനെ എതിർത്ത മുസ്ലീം സ്ത്രീയെ വെടിവച്ചു കൊന്നു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലിം സ്ത്രീയെ പോലീസ് വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്ന വീട്ടിലാണ് ദുരന്തം. ഗോഹത്യ കേസില്‍ പ്രതിയായ മകനെ കസ്റ്റഡിയിലെടുത്തത് ചെറുക്കാൻ ശ്രമിച്ച റോഷ്‌നി എന്ന 53 കാരിയായ മുസ്ലീം സ്ത്രീയെയാണ് മെയ് 14 ന് സിദ്ധാർത്ഥ നഗർ ജില്ലയിൽ ഒരു പോലീസുകാരൻ വെടിവച്ച് കൊന്നത് എന്നാണ് റിപ്പോർട്ട്.

രാത്രിയിൽ 15-20 ഓളം പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ വീട്ടിൽ അതിക്രമിച്ചുകയറി, കൃത്യമായ കാരണങ്ങളൊന്നും പറയാതെ സഹോദരൻ അബ്ദുൾ റഹ്‌മാനെ അന്വേഷിക്കുകയായിരുന്നു എന്ന് മറ്റൊരു മകനായ മുഹമ്മദ് ഫാറൂഖ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മെയ് 22 ന് നടക്കാനിരുന്ന സഹോദരി റാബിയയുടെ വിവാഹത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്ന് മെയ് 9 നാണ് അബ്ദുള്‍ വീട്ടിലെത്തിയതെന്ന് മുഹമ്മദ് ഫാറൂഖ് പറഞ്ഞു.

“അബ്ദുളിനെ പോലീസ് പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചു. അത് കണ്ട് അമ്മ അവരുടെ പിന്നാലെ ഓടി. അബ്ദുളിന്റെ കൈ പിടിച്ച് പോലീസിനോട് എന്തിനാണ് തന്റെ മകനെ പിടിച്ചുകൊണ്ടുപോകുന്നതെന്ന് ചോദിച്ചു. അവനെ വെറുതെ വിടാൻ അമ്മ പോലീസിനോട് പറഞ്ഞുകൊണ്ടിരുന്നു. മകന്റെ കൈ വിട്ടില്ലെങ്കില്‍ വെടിവെക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. അതിനുശേഷമാണ് അവര്‍ അമ്മയെ വെടിവെച്ചത്,” കരഞ്ഞുകൊണ്ട് ഫാറൂഖ് ആരോപിച്ചു.

വെടിയുതിർത്ത ഉടൻ തന്നെ രോഷാകുലരായ ഗ്രാമീണർ പ്രതിഷേധവുമായി രംഗത്തെത്തി. സ്‌പെഷ്യൽ ഓപ്പറേഷൻ സംഘവുമായെത്തിയ പോലീസ് അബ്ദുളിനെ തിടുക്കത്തിൽ കൂട്ടിക്കൊണ്ടുപോയി. വെടിയേറ്റ റോഷ്‌നി സംഭവസ്ഥലത്തുതന്നെ മരിച്ചു. മക്കൾ അവരുടെ അമ്മയുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ പോസ്റ്റ്‌മോർട്ടം നടത്തി.

ഞായറാഴ്ച സിദ്ധാർത്ഥ് നഗർ പോലീസ് അജ്ഞാതരായ പോലീസുകാർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) ഫയൽ ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment