നടന്‍ വിജയ് ബാബു മുന്‍ സോവിയറ്റ് യൂണിയനിലേക്ക് കടന്നതായി പോലീസ്

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബു ദുബായിൽ നിന്ന് ജോർജിയയിലേക്ക് കടന്നതായി റിപ്പോർട്ട്. ഇയാൾ കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് രക്ഷപ്പെട്ടതായി പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നടന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു അറിയിച്ചിരുന്നു

കൊച്ചി സിറ്റി പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് റദ്ദാക്കിയത്. ഇതേത്തുടർന്നാണ് വിജയ് ബാബുവിന്റെ വിസ റദ്ദാക്കാൻ നടപടി സ്വീകരിച്ചത്. പാസ്പോര്‍ട്ട് റദ്ദാക്കുന്നതിന് മുന്‍പാണ് ജോര്‍ജിയയിലേക്ക് പോയതെന്നാണ് സൂചന.

മെയ് 19ന് പാസ്‌പോർട്ട് ഓഫീസർക്ക് മുന്നിൽ ഹാജരാകുമെന്ന് വിജയ് ബാബു പറഞ്ഞിരുന്നെങ്കിലും വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. താൻ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളൂവെന്നും വിജയ് ബാബു പാസ്‌പോർട്ട് ഓഫീസറെ അറിയിച്ചു.

വിജയ് ബാബു ദുബായ് വിട്ടതായുള്ള സൂചനകള്‍ ഉണ്ടെന്ന് സി.എച്ച് നാഗരാജു മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി നയതന്ത്ര ബന്ധമില്ലാത്ത പഴയ സോവയിറ്റ് യൂണിയൻ രാജ്യമായ ജോര്‍ജിയയിലേക്കാണ് വിജയ് ബാബു കടന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്‍റര്‍ പോളിന്‍റെ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.

അതേസമയം നയതന്ത്ര ബന്ധമില്ലാത്ത രാജ്യത്തു നിന്ന് കുറ്റാരോപിതനായ വ്യക്തിയെ പിടികൂടാൻ പ്രയാസമാണെന്നാണ് നിയമ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ബിസിനസ് ടൂറിലാണെന്നും ഈ മാസം 24ന് നാട്ടിലെത്തുമെന്നുമാണ് പാസ്പോര്‍ട്ട് ഓഫിസറെ വിജയ് ബാബു അറിയിച്ചത്. പക്ഷേ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കഴിഞ്ഞ 19ന് നാട്ടിലെത്തുമെന്നായിരുന്നു വിജയ് ബാബു നേരത്തെ പൊലീസിനെ അറിയിച്ചിരുന്നത്.

വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ ഉത്തരവ് വരുന്നത് വരെ ഒളിവിൽ തുടരാനാണ് വിജയ് ബാബുവിന്‍റെ ശ്രമം. ഉത്തരവ് പ്രതികൂലമായാൽ പ്രതി സ്ഥിരമായി ഒളിവിൽ കഴിയുമോയെന്നതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.

കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിനി പീഡന പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് പല തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. മെയ് 22ന് തന്നെ എറണാകുളം സൗത്ത് പൊലീസ് ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിരുന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി പൊലീസ് വിജയ് ബാബുവിനെതിരെ രജിസ്റ്റർ ചെയ്‌തിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment