സൗദി അറേബ്യയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ പ്രവാസിയുടെ ദുരൂഹ മരണം; എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: ജിദ്ദയിൽ നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ പ്രവാസിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. മറ്റൊരു സംഘംഗമായ യഹിയയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മുമ്പ് സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നെടുമ്പാശേരി മുതൽ പെരിന്തൽമണ്ണ വരെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

മരിച്ച അട്ടപ്പാടി അഗളി സ്വദേശി അബ്‌ദുല്‍ ജലീലിനെ പ്രതി യഹിയ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മെയ് 15ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ അബ്‌ദുല്‍ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ യഹിയ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെളുത്ത നിറത്തിലുള്ള കാറിലാണ് ഇയാള്‍ അബ്‌ദുല്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചത്.

ഡ്രൈവിങ് സീറ്റിലായിരുന്നു യഹിയ. ജലീലിനെ പിന്നിലെ സീറ്റില്‍ കിടത്തിയിരിക്കുകയായിരുന്നു. ജലീലിന്‍റെ ശരീരമാകെ മ‍ർദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. അബ്‌ദുല്‍ ജലീലിന്‍റെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

വിമാനമിറങ്ങിയ പ്രവാസിയെ കണ്ടെത്തുന്നത് നാല് ദിവസത്തിന് ശേഷം: സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അബ്‌ദുല്‍ ജലീല്‍ ഭാര്യയോടും മക്കളോടും നെടുമ്പാശേരിയിലേക്ക് ചെല്ലേണ്ടതില്ലെന്നും പ്രവാസി സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് എത്താമെന്നും അറിയിക്കുകയായിരുന്നു. പെരിന്തല്‍മണ്ണയില്‍ കുടുംബം ഏറെ നേരം കാത്തിരുന്നിട്ടും വന്നില്ല. ഒടുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെന്ന് പറഞ്ഞെങ്കിലും നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ വിവരം ശരിയല്ലെന്ന് കണ്ടെത്തി.

മൂന്നും നാലും അക്കമുളള ഉറവിടമറിയാത്ത നമ്പറുകളില്‍ നിന്ന് ഇടയ്ക്ക് ജലീല്‍ ഭാര്യയ്ക്ക് ഫോണ്‍ ചെയ്തെങ്കിലും മൂന്നു ദിവസമായി എവിടെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവിൽ ആക്കപ്പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെന്നും പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ എത്തിച്ചെന്നുമുളള വിവരമാണ് കുടുംബം അറിയുന്നത്.

വിമാനം ഇറങ്ങിയതിനു പിന്നാലെ അബ്‌ദുല്‍ ജലീല്‍ ഫോണ്‍ ചെയ്‌ത അതേ നമ്പറില്‍ നിന്നാണ് ഗുരുതരാവസ്ഥയിലാണന്ന സന്ദേശം കുടുംബത്തിന് എത്തുന്നത്. മര്‍ദനത്തില്‍ തലച്ചോറിനും വൃക്കകള്‍ക്കും ഹൃദയത്തിനുമെല്ലാം പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെ മരണപ്പെടുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment