ഹൈദരാബാദിലെ ദുരഭിമാനക്കൊല: നാല് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: മിശ്ര ജാതി പ്രണയ വിവാഹത്തിന്റെ പേരിൽ 22 കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം നാലുപേരെ സിറ്റി പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

നീരജ് പൻവാര്‍ എന്ന യുവാവിനെയാണ് ബീഗം ബസാർ ഏരിയയിൽ പട്ടാപ്പകല്‍ പൊതുജനങ്ങളുടെ മുന്‍പില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നീരജ് പ്രണയവിവാഹം കഴിച്ച സഞ്ജനയുടെ അഞ്ച് ബന്ധുക്കളാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്‌ച രാത്രി മുത്തച്ഛനൊപ്പം ബൈക്കിൽ വരുമ്പോൾ പ്രതികൾ കത്തിയും പാറക്കല്ലുകളും ഉപയോഗിച്ച്‌ നീരജിനെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ നീരജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണത്തിനു കീഴടങ്ങി.

കോൽസവാഡി ബീഗം ബസാറിലെ നിലക്കടല വ്യാപാരിയായ നീരജും അതേ പ്രദേശവാസിയുമായ സഞ്ജനയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വിവാഹാഭ്യർത്ഥന സഞ്ജനയുടെ വീട്ടുകാർ അംഗീകരിച്ചില്ല. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കഴിഞ്ഞ വർഷം ഏപ്രിൽ 13ന് ഒരു ക്ഷേത്രത്തിൽ വച്ചാണ് നീരജ് സഞ്ജനയെ വിവാഹം കഴിച്ചത്.

സഞ്ജനയുടെ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും അവളുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു. എന്നാൽ, സഞ്ജനയുടെ അമ്മാവന്മാരുടെ മക്കൾ വിവാഹത്തിൽ അപമാനിതരായെന്നും, നീരജിനോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

15 ദിവസം മുമ്പ് പ്രതികൾ പദ്ധതി തയ്യാറാക്കി ജുമേരത്ത് ബസാറിൽ നിന്ന് കത്തികൾ വാങ്ങിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജോയൽ ഡേവിസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

26 കാരനായ അഭിനന്ദൻ യാദവ്, 22 കാരനായ കെ വിജയ് യാദവ്, 25 കാരനായ കെ സഞ്ജയ് യാദവ്, 18 കാരനായ ബി രോഹിത് യാദവ്, 21 കാരനായ മഹേഷ് അഹീർ യാദവ്, പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരാണ് പ്രതികൾ. അഭിനന്ദൻ യാദവും മഹേഷ് അഹീർ യാദവും ഒളിവിലാണ്.

കൊലപാതകികളെ ഉടൻ പിടികൂടി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരക്കേറിയ വാണിജ്യ മേഖലയായ ബീഗം ബസാറിലെ വ്യാപാരികൾ ശനിയാഴ്ച ഷട്ടറുകൾ താഴ്ത്തി. സഞ്ജനയും നീരജിന്റെ കുടുംബാംഗങ്ങളും ഷാഹിനയത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി.

ഒരു മാസത്തിനിടെ ഹൈദരാബാദിൽ നടക്കുന്ന രണ്ടാമത്തെ ദുരഭിമാനക്കൊലയാണിത്. മെയ് നാലിന് സരൂർനഗറിൽ മിശ്രവിവാഹത്തിന്റെ പേരിൽ 25കാരൻ വെട്ടേറ്റു മരിച്ചിരുന്നു. ബില്ലാപുരം നാഗരാജുവിനെ ഭാര്യയുടെ കൺമുന്നിൽ വെച്ച് പരസ്യമായി കൊലപ്പെടുത്തിയത് അവളുടെ സഹോദരനും മറ്റൊരു ബന്ധുവുമാണ്.

ഈ വർഷം ആദ്യം അഷ്രിൻ സുൽത്താനയുമായി ഒളിച്ചോടിയതിന് ശേഷമാണ് നാഗരാജു വിവാഹം കഴിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment