ടെക്‌സസ്: ആര്‍ലിങ്ടനില്‍ കാര്‍ ഡീലര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരു യുവതി കൂടി പൊലീസ് പിടിയിലായി. തിങ്കളാഴ്ചയാണ് അഡല്‍ ലിന്‍സ്വായ്ക്ക് വെടിയേറ്റത്. ആശുപത്രിയിലായിരുന്ന ഇദ്ദേഹം മേയ് 19 വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി.
കേസില്‍ ഒന്നാം പ്രതിയെന്ന് സംശയിക്കുന്ന ബ്രയാന്‍ എസ്റപയെ (31) ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. ഇയാളാണ് അഡല്‍ ലിന്‍സ്വായെ വെടിവച്ചതെന്ന് കരുതുന്നു. കാറില്‍ ബ്രയാനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റത്തിനാണ് ബ്രയാന്റെ കാമുകിയായ ക്വയാന മാസ്സിയെ (24) പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.
ആര്‍ലിങ്ടനിലെ വാഹന ഡീലര്‍ ആയിരുന്നു കൊല്ലപ്പെട്ട അഡല്‍ ലിന്‍സ്വായ്(52). ഇദ്ദേഹത്തിന്റെ ഷോപ്പില്‍ നിന്നും ബ്രയാന്‍ വാടകയ്ക്ക് കാര്‍ എടുത്തിരുന്നു. കാര്‍ തിരികെ ഏല്‍പിക്കാതിരുന്നതിനെ തുടര്‍ന്ന് പിടിച്ചെടുക്കാനാണ് അഡല്‍ ലിന്‍സ്വായ് ജീവനക്കാരനുമായി ബ്രയാനെ സമീപിച്ചത്. ബ്രയാന്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ കാര്‍ കണ്ടെത്തി. സ്‌പെയര്‍ കീ ഉപയോഗിച്ച് ജീവനക്കാരന്‍ കാര്‍ പുറത്തേക്കു കൊണ്ടുവന്നു. ഇതേ സമയം മറ്റൊരു കാറില്‍ ഇരിക്കുകയായിരുന്ന അഡലിനുനേരെ ബ്രയാന്‍ നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news