ടെക്‌സസ്: ടെക്‌സസ് സ്‌കൂള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടു അദ്ധ്യാപകരില്‍ ഇര്‍മാ ഗാര്‍സിയായുടെ ഭര്‍ത്താവ സംസ്‌ക്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തവെ മെയ് 26 വ്യാഴാഴ്ച കുഴഞ്ഞുവീണു മരിച്ചു.
റോസ് എലിമെന്ററി സ്‌ക്കൂളിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ട അദ്ധ്യാപികയായിരുന്നു ഇര്‍മാഗാര്‍സിയ. കഴിഞ്ഞ 24 വര്‍ഷമായി സന്തോഷകരമായ കുടുംബ ജീവിതം ഭര്‍ത്താവ് ജൊ ഗാര്‍സിയായുമായി നയിച്ചുവരികയായിരുന്നു. ഇര്‍മാ ഗാര്‍സിയായുടെ സഹപ്രവര്‍ത്തക ഇവാ മിലെസാണ് മരിച്ച രണ്ടാമത്തെ അദ്ധ്യാപിക.
ക്ലാസ്സിലെ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ ശ്രമിക്കുന്നതിനിടയിലാണ് ഇര്‍മക്ക് വെടിയേറ്റതെന്ന് ഇവരുടെ മകന്‍ ക്രിസ്റ്റിന്‍ ഗാര്‍സിയ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
ഇര്‍മയുടെ സംസ്‌ക്കാരത്തിന് ആവശ്യമായ പൂക്കള്‍ വാങ്ങുന്നതിനിടയില്‍ ഗാര്‍സിയ കുഴഞ്ഞുവീണതും കുടുംബാംഗങ്ങള്‍ സി.പി.ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേ സമയം സ്‌ക്കൂള്‍ വെടിവെപ്പിന് മുമ്പ് വീട്ടില്‍ വെച്ചു വെടിയേറ്റ അമ്മൂമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നുവെന്ന് വ്യാഴാഴ്ച (മെയ് 26) അധികൃതര്‍ അറിയിച്ചു. കൊച്ചുമകന്‍ ചെയ്തതിന് ‘സോറി’ എന്ന വാക്ക് ആവര്‍ത്തിച്ചു വിതുമ്പി കരയുകയാണ് അപ്പൂപ്പനായ റൊണാള്‍ഡൊ റെയിസ്.
കൊച്ചുമകന്‍ തോക്കു വാങ്ങിയ വിവരം അറിഞ്ഞിരുന്നില്ലെന്നും റൊണാള്‍ഡൊ പറഞ്ഞു. സ്‌ക്കൂള്‍ പഠനം ഈ വര്‍ഷം അവസാനിപ്പിച്ച കൊച്ചുമകന്‍ തന്നോടൊപ്പം ചില സമയങ്ങള്‍ ജോലിക്ക് വന്നിരുന്നതായും പ്രതിയുടെ മാതാവുമായി ചില പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തന്നോടൊപ്പമാണ് താമസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തില്‍ വെടിയേറ്റ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news