യുക്രെയ്‌നിലേക്കുള്ള ലോക സമാധാന സംഘത്തില്‍ മലയാളി വൈദീകന്‍ റവ.ഫാ. ജോസഫ് വര്‍ഗീസ്

ഫ്‌ളോറിഡ: രണ്ടു മാസത്തിലേറെയായി യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന യുക്രെയ്‌നിലെ കീവില്‍ ഈ മാസാവസാനം നടക്കുന്ന ലോക മത സമാധാന പ്രാര്‍ത്ഥനായജ്ഞത്തില്‍ പ്രതിനിധി സംഘാംഗമായി അമേരിക്കന്‍ മലയാളി സമൂഹത്തിന് ഏറെ പരിചിതമായ റവ.ഫാ. ജോസഫ് വര്‍ഗീസ് (ഫ്‌ളോറിഡ) പങ്കെടുക്കുന്നു.

യുക്രെയ്ന്‍ പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം കീവിലെ മേയറാണ് ലോക മത സമാധാന പ്രാര്‍ത്ഥനാസമ്മേളനത്തിന് ആതിഥ്യമരുളുന്നത്. ആഗോള കത്തോലിക്കാ സഭ, ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭ തുടങ്ങിയ വിവിധ ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാര്‍, പ്രതിനിധികള്‍ എന്നിവരോടൊപ്പം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യഹൂദ, മുസ്ലീം, ഹൈന്ദവ, ജൈന-ബുദ്ധ മതങ്ങളിലെ മതമേലധ്യക്ഷന്മാര്‍, സന്യാസിമാര്‍ എന്നിവരും ഒരേ വേദിയില്‍ യുദ്ധഭൂമിയില്‍ സമാധാനം വിരിയുന്നതിനായി പ്രാര്‍ഥനാനിമഗ്നരാകും.

സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര പ്രതിനിധിയായാണ് റവ.ഫാ. ജോസഫ് വര്‍ഗീസ് ഏറെ പ്രാധാന്യമുള്ള പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കാളിയാകുന്നത്.

ന്യൂയോര്‍ക്കിലെ യുണൈറ്റഡ് നേഷന്‍സില്‍ ഉള്‍പ്പടെ വിവിധ സമാധാന ദൗത്യങ്ങളിലും വേദശാസ്ത്ര രംഗത്തും സജീവമായ ഫാ. ജോസഫ് വര്‍ഗീസ് ഇപ്പോള്‍ സൗത്ത് ഫ്‌ളോറിഡ കേന്ദ്രമാക്കി സഭാ സാമൂഹ്യ സേവനം നടത്തിവരുന്നു.

ന്യൂയോര്‍ക്ക് സിറ്റി ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാനേജരായി റിട്ടയര്‍ ചെയ്ത അദ്ദേഹം അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിലെ വൈദീകനും, സൗത്ത് ഫ്‌ളോറിഡ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരിയുമാണ്.

Print Friendly, PDF & Email

Leave a Comment

More News