ദുബായില്‍ നിന്ന് തിരിച്ചെത്തുന്ന വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാന്‍ തയ്യാറായി പോലീസ്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു തിരിച്ചെത്തിയാലുടൻ പോലീസ് പിടിയിലാകും. അതേസമയം വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡുകളും മറ്റും കൈമാറിയ യുവനടനെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ചോദ്യം ചെയ്യല്‍.

വിജയ് ബാബുവിന്റെ ദുബായിലെ ഒളിത്താവളം കണ്ടെത്താനാന്‍ ഇത് ഉപകരിക്കും എന്നാണ് പോലീസിന്റെ കണക്കുകുട്ടല്‍. അതേസമയം, വിജയ് ബാബു ഉടൻ നാട്ടിലേക്ക് മടങ്ങില്ലെന്ന് സൂചനയുണ്ട്. മെയ് 30-ന് നാട്ടിലെത്തുമെന്നാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, വിമാന ടിക്കറ്റ് റദ്ദാക്കി യാത്ര നീട്ടിവയ്ക്കുമോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. യുവനടനെ കൂടാതെ മറ്റു ചിലരും വിജയ് ബാബുവിന് സഹായം എത്തിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയെല്ലാം അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും. വിജയ് ബാബുവിന്റെ സുഹൃത്തായ നടിയേയും ചോദ്യം ചെയ്യും. വിവാഹ മോചിതായായ ഇവർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

ഒരു മാസമായി ദുബായിൽ ഒളിവിൽ കഴിയുകയായിരുന്ന വിജയ് ബാബു, പണം തീർന്നതിനെ തുടർന്ന് സുഹൃത്തായ നടനോട് ക്രെഡിറ്റ് കാർഡുകൾ കൈമാറാൻ ആവശ്യപ്പെട്ടിരുന്നു. കൊടുങ്ങല്ലൂരിലെ സിനിമാ ലൊക്കേഷനിലായിരുന്ന നടന് വിജയ് ബാബുവിന്റെ അടുത്ത ബന്ധുവാണ് കാർഡ് കൈമാറിയത്. തുടർന്ന് നടൻ ദുബായിലെത്തിയാണ് കാർഡുകൾ കൈമാറിയത്.

കേസിൽ മുൻകൂർജാമ്യം ലഭിക്കുന്നതുവരെ വിദേശത്ത് തുടരാനാണ് വിജയ് ബാബുവിന്റെ നീക്കം. വിജയ് ബാബുവിനെ ദുബായിലേക്ക് കടക്കാനും ഈ നടൻ സഹായിച്ചതായി സൂചനയുണ്ട്. വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തിലാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. യാത്രാരേഖകൾ ഇല്ലാത്തതിനാൽ ദുബായ് പൊലീസിന്റെ സഹകരണത്തോടെ ഇന്റർപോളിനു വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാമെങ്കിലും ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണമുള്ളതിനാൽ അതിനു കഴിഞ്ഞിട്ടില്ലെന്നാണു സൂചന.

കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് വിജയ് ബാബു നടിയുടെ അമ്മയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. തുടർന്നു ഹൈക്കോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

കേസെടുക്കുമെന്ന് അറിഞ്ഞു കൊണ്ടാണു വിജയ് ബാബു വിദേശത്തേക്കു കടന്നത്. താൻ വിദേശത്താണെന്നുള്ള വിവരം മുൻകൂർ ജാമ്യാപേക്ഷയിൽ മറച്ചുവച്ചിരിക്കുകയാണ്. പ്രതി അതിജീവിതയുടെ പേര് വെളിപ്പെടുത്തി. വിദേശത്തുള്ളയാളുടെ മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നും അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് പറഞ്ഞു. എന്നാൽ, ഉപഹർജിയിൽ താൻ വിദേശത്താണെന്നതടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിജയ് ബാബുവിനു വേണ്ടി ഹാജരായ അഡ്വ.എസ്.രാജീവ് വാദിച്ചു.

ഏപ്രിൽ 22നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനുമുമ്പ് വിജയ് ബാബു കേരളം വിട്ടിരുന്നു. ദുബായ് ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട പേപ്പറുകൾ ഈദ് അവധിക്ക് മുമ്പ് ശരിയാക്കേണ്ടതായിരുന്നു. താൻ ഇന്ത്യ വിട്ടതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ ആരംഭിച്ചതെന്നും രേഖകൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News