പിതാവിന്റെ അറിവോടെ പി എഫ് ഐ മണ്ഡലം സെക്രട്ടറി കുട്ടിയെ വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചു: റിമാന്റ് റിപ്പോര്‍ട്ട്

ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിയില്‍ പത്തു വയസ്സുകാരനെ വിദ്വേഷ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചത് പി എഫ് ഐ മണ്ഡലം സെക്രട്ടറിയാണെന്നും, കുട്ടിയുടെ പിതാവിന്റെ അറിവോടെയാണ് ഇത് ചെയ്തതെന്നും പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

“അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ… നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ട്” എന്നായിരുന്നു കുട്ടിയുടെ മുദ്രാവാക്യങ്ങൾ. എന്നാൽ, കുട്ടിയെ തള്ളി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയിരുന്നു. സംഘടന അംഗീകരിച്ച മുദ്രാവാക്യമായിരുന്നില്ല ഇതെന്നും ജാഥയിൽ പ്രവർത്തകരും അല്ലാത്തവരുമായി നിരവധിപ്പേർ പങ്കെടുത്തിരുന്നെന്നുമായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ന്യായീകരണം.

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നത് നിയമം വിലക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിലെ 27-ാം പ്രതിയാണ് കുട്ടിയുടെ പിതാവ്. പോപ്പുലർ ഫ്രണ്ട് മണ്ഡലം സെക്രട്ടറിയാണ് കുട്ടിയെ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചത്. തന്റെ മകനെ വിദ്വേഷ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കുന്നുണ്ടെന്ന് പിതാവിന് നേരത്തെ അറിയാമായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

തന്നെയുമല്ല, കുട്ടിക്ക് വിദ്വേഷ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കാന്‍ പിതാവ് കുട്ടിയെ പി എഫ് ഐക്ക് വിട്ടുനല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. കുട്ടിക്ക് സഹായിയായി പിതാവ് പ്രവര്‍ത്തിക്കുകയും കുട്ടി വിളിച്ച മുദ്രാവാക്യം ഏറ്റുവിളിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേസിലെ 25ഉം 26ഉം പ്രതികളായ ഷമീറും സുധീറുമാണ് കുട്ടിയെ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചത്. മുദ്രാവാക്യം കുട്ടിയെ പഠിപ്പിക്കാന്‍ ഇവര്‍ക്കായിരുന്നു ചുമതല നല്‍കിയിരുന്നത്.

മതസ്പർധ വളർത്താൻ ബോധപൂർവ്വം ഇടപെട്ടതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 27 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളേയും അറസ്റ്റ് ചെയ്തിരുന്നു. യഹിയ തങ്ങൾ റിമാൻഡിലാണ്. കഴിഞ്ഞ ദിവസം തൃശൂർ കുന്നംകുളത്തു വച്ചാണ് ആലപ്പുഴ പൊലീസ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തത്.

തൃശൂർ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങൾ. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ ചെയർമാനായിരുന്നു. റാലിയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചാൽ സംഘാടകർക്ക് ഉത്തരവാദിത്തമുണ്ടെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പത്തുവയസ്സുകാരൻ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിലെ മുഖ്യ സംഘാടകനായിരുന്നു യഹിയ തങ്ങൾ.

പോപ്പുലർ ഫ്രണ്ട് പള്ളുരുത്തി ഡിവിഷൻ പ്രസിഡന്റാണ് ഷമീർ. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയുടെ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി കൂടിയാണ് സുധീർ. കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഇയാൾ.

Print Friendly, PDF & Email

Leave a Comment

More News