പ്രവാസി ക്ഷേമ പദ്ധതികൾ അറിയാം – കൾച്ചറൽ ഫോറം കാമ്പയിൻ ഉദ്ഘാടനം വെള്ളിയാഴ്ച

ദോഹ: ‘പ്രവാസി ക്ഷേമ പദ്ധതികൾ – അറിയാം ‘എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ മൂന്ന് വെള്ളിയാഴ്ച നടക്കും.

നോർക്ക, കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക, വിവിധ പദ്ധതികളിൽ അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക, പദ്ധതികൾ ആകര്‍ഷണീയമാക്കുന്നതിനും കാര്യക്ഷമായി നടപ്പിലാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകുക, കേരള സർക്കാറിന്റെ വിവിധ പ്രവാസി പദ്ധതികളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൾച്ചറൽ ഫോറം ജൂണ്‍ 1 മുതല്‍ 30 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട്‌ 4 മണിക്ക്‌ ഏഷ്യൻ ടൗണിലെ ഗ്രാന്റ്‌ മാളിൽ നടക്കും. നോർക്ക റൂട്സ്‌ ഡയറക്ടർ സി.വി റപ്പായി, ഐ.സി.ബി.എഫ്‌ ആക്റ്റിംഗ് പ്രസിഡന്റ് വിനോദ് നായർ, ഗ്രാന്റ്‌ മാൾ റീജിയണല്‍ ഡയറക്ടർ അഷ്റഫ് ചിറക്കല്‍, കൾച്ചറൽ ഫോറം പ്രസിഡന്റ് എ.സി. മുനീഷ്, ഐ.സി.ബി.എഫ്‌ ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി, ചന്ദ്രമോഹൻ തുടങ്ങിയവർ സംബന്ധിക്കും.

പ്രവാസികൾക്കും പ്രവാസം അവസാനിപ്പിച്ചവർക്കും ഗൾഫ്‌ നാടുകളിൽ അപകടമോ തൊഴിൽ നഷ്‌ടമോ സംഭവിച്ചവർക്കും സംസ്ഥാന ബജറ്റിലും മറ്റും വകയിരുത്താറുള്ള തുകകൾ അജ്ഞത മൂലം ഭൂരിഭാഗം ആളുകൾക്കും പ്രയോജനപ്പെടാതെ പോകുകയും ഫണ്ടുകൾ ലാപ്സായി പോകുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്‌. ഇതിന്‌ പരിഹാരമായി വിവിധ പദ്ധതികൾ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്തുകയും ഓൺലൈൻ സംവിധാനങ്ങൾ വഴി പരമാവധി ആളുകളെ അതിൽ അംഗങ്ങളെ ആക്കുകയുമാണ്‌ കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്‌.

കാമ്പയിന്റെ ഭാഗമായി റിസോർസ്സ്‌ പേഴ്സൺ വർക്ക്‌ ഷോപ്പ്‌, ഖത്തറിലെ വിവിധ ഭാഗങ്ങളിൽ ക്ഷേമനിധി പ്രവാസി ബൂത്തുകൾ, ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച്‌ ബോധവത്കരണ സദസ്സുകൾ തുടങ്ങിയവയും സംഘടിപ്പിക്കും. വിവിധ ജില്ലാ കമ്മിറ്റികൾക്കും മണ്ഡലം കമ്മിറ്റികൾക്കും കീഴിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ പരിപാടികളും അംഗത്വം എടുക്കാനുള്ള ബൂത്തുകളും ക്യാമ്പയിൻ കാലത്ത് ഒരുക്കും. വിവിധ പ്രാദേശിക കൂട്ടായ്മകളുമായി സഹകരിച്ചും പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇതിനായി പ്രവാസി കൂട്ടായ്മകൾക്ക് 7062 9272 എന്ന നമ്പറിൽ ബന്ധപ്പെടാം. സർക്കാർ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് പ്രവാസികളിൽ നിന്നും ലഭിക്കുന്ന പരാതികളും നിർദ്ദേശങ്ങളും ക്യാമ്പയിന്റെ ഭാഗമായി സർക്കാരിന് സമർപ്പിക്കും.

ക്യാമ്പയിന്‍ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഫൈസൽ എടവനക്കാടിനെ‌ ജനറൽ കൺവീനർ ആയും മുഹമ്മദ്‌ ഷെറിൻ, സുനീർ എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു. ഉവൈസ്‌ എറണാകുളം, അഫ്സൽ അബ്ദുൽ കരീം, സക്കീന അബ്ദുല്ല, നിസ്താർ, സൈനുദ്ദീൻ തീർച്ചിലോത്ത്‌, ഷറഫുദീൻ സി, അൽജാബിർ, നൗഷാദ്‌, ഇസ്മായിൽ, ഹഫീസുല്ല തുടങ്ങിയവരെ വിവിധ വകുപ്പ്‌ കൺവീനർമാരായും തെരഞ്ഞെടുത്തു.

കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി താസീൻ അമീൻ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കൾചറൽ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ കൊല്ലം, സെക്രട്ടറിമാരായ സിദ്ദീഖ്‌ വേങ്ങേരി, കെ.ടി മുബാറക്‌, അനീസ്‌ മാള, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News