കെഎസ്ആർടിസി ജീവനക്കാരുടെ ഈ മാസത്തെ ശമ്പള വിതരണവും അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണം ഈ മാസം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് സൂചന. ഇന്നത്തെ യോഗത്തിൽ ശമ്പളം സംബന്ധിച്ച് ഒരു ഉറപ്പും നൽകാനാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിണറായി സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ബിഎംഎസ് തീരുമാനിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് കെഎസ്ആർടിസി സിഎംഡി അംഗീകൃത സംഘടനകളുടെ മീറ്റിങ് വിളിച്ചുചേർത്തത്. യോഗത്തിൽ ആമുഖമായി സുശീൽ ഖന്ന റിപ്പോർട്ട് പൂർണ്ണമായും നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്ന വിവരം സംഘടനകളെ അറിയിക്കുന്നതായി സിഎംഡി വ്യക്തമാക്കി.

മെയ് മാസം 193 കോടി രൂപ വരുമാനമുണ്ടായിട്ടും എന്തുകൊണ്ടാണ് ശമ്പളം നൽകാത്തത് എന്ന് യോഗത്തിൽ ബിഎംഎസ് ചോദ്യം ഉന്നയിച്ചു. എന്നാൽ വ്യക്തമായ മറുപടി മേനേജ്മെൻ്റിൽ നിന്നും ഉണ്ടായില്ല. ഒപ്പം കഴിഞ്ഞ മാസങ്ങളിൽ ഡീസലിന് അധികം തുക നൽകിയെന്ന് കണക്ക് കാണിക്കുകയും ഗതാഗതമന്ത്രി മാസം 40 കോടി രൂപ ഡീസലിന് അധികം നൽകുന്നതിനാലാണ് ശമ്പളം മുടങ്ങുന്നത് എന്ന് പരസ്യമായി പ്രഖ്യാപിച്ചതും സംഘടന യോഗത്തിൽ ഉന്നയിച്ചു. എന്നാൽ ഈ വിഷയത്തിലും വ്യക്തമായ മറുപടി മാനേജ്മെൻ്റ് നൽകിയില്ല.

ശമ്പളം ജൂൺ അഞ്ചിന് മുൻപ് നൽകണം എന്ന ആവശ്യത്തിന് അഞ്ചാം തീയതി നൽകാൻ കഴിയില്ലായെന്നും ജൂൺ 15-ാം തീയതി കഴിയാതെ ശമ്പള കാര്യത്തിൽ ഉറപ്പുപറയാൻ കഴിയില്ല എന്നുമാണ് മാനേജ്മെൻ്റ് അറിയിച്ചത്. കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനമായ ആറര കോടി രൂപ ഖജനാവിൽ അടച്ച് സർക്കാർ ചെലവുകൾക്കായി ചെലവഴിച്ച പിണറായി സർക്കാർ ദുരിതമനുഭവിക്കുന്ന ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് സിഎംഡി യോഗം ബഹിഷ്കരിച്ചു.

അഞ്ചാം തീയതിക്കകം ശമ്പളം നൽകിയില്ലെങ്കിൽ ജൂൺ ആറ് മുതൽ ശക്തമായ പ്രക്ഷോഭത്തിന് ബിഎംഎസ് ആഹ്വാനം ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News