ഉമയുടെ ജയവും പി ടി യുടെ (ജനാധിപത്യത്തിന്റെ) പരാജയവും

ഉമയുടെ വിജയത്തിൽ സന്തോഷമോ, ജോ ജോസഫിന്റെ പരാജയത്തിൽ സങ്കടമോ എനിക്ക് തോന്നുന്നില്ല. കാരണം, ഉമയുടെ വിജയം ഒരു പരാജയം കൂടിയാണ്. പി ടി യുടെ പരാജയം…. ജനാധിപത്യത്തിന്റെ പരാജയം…..

രാഷ്ട്രീയം ഇത്രമാത്രം മതാധിഷ്ഠിതമായ ഒരു സമൂഹത്തിൽ, മതത്തിന്റെയും ജാതിയുടെയും പേരിൽ വോട്ട് നേടുകയും, മതം നോക്കി സ്ഥാനാർത്ഥികളെ നിർണ്ണയിക്കുകയും, മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ തന്നെ രൂപീകരിക്കുകയും ചെയ്യുന്ന ഒരു നാട്ടിൽ, മത സ്ഥാപനങ്ങളോടും പൗരോഹിത്യത്തോടും പൊരുതി നിൽക്കുന്നതായിരുന്നു പി ടി യുടെ രാഷ്ട്രീയം. തിരഞ്ഞെടുപ്പു കാലത്തു പോലും അരമനകളിൽ ചെന്ന് മുട്ടുകുത്താനോ മോതിരം മുത്താനോ നിന്നവനായിരുന്നില്ല പി ടി. തന്റെ അന്ത്യയാത്രയിൽ പോലും കുന്തിരിക്കവും കുദാശയുമായി വരുന്ന ഒരു പുരോഹിതനെയും തന്റെ മൃതശരീരത്തിന്റെ പരിസരത്ത് പോലും അടുപ്പിക്കരുതെന്ന് പറഞ്ഞവനായിരുന്നു പി ടി.

ആ മനുഷ്യന് പകരക്കാരിയായി മത്സരിച്ച ഉമ, അദ്ദേഹം നിലകൊണ്ട മൂല്യങ്ങളെ മറന്നുകൊണ്ട് അരമനയുടെ തിണ്ണ നിരങ്ങിയും തിരുമേനിമാരുടെ മോതിരം മുത്തിയും വോട്ട് തെണ്ടിയപ്പോൾ തോറ്റ് പോയത് പി ടി യാണ്. രണ്ട് സഹതാപ വോട്ടിനുവേണ്ടി റെസ്റ്റോറന്റിൽ ഫോട്ടോഗ്രാഫറുടെ കാമറക്കു മുമ്പിൽ ഭർത്താവിനുവേണ്ടി ഭക്ഷണം പകുത്തുവെയ്ക്കുന്ന സെന്റി നാടകം കളിച്ചപ്പോൾ, തോറ്റുപോയത് പി ടി യുടെ രാഷ്ട്രീയം മാത്രമല്ല, പ്രണയം കൂടിയായിരുന്നു.

ജോ ജോസഫിനെ പോലെ ഒരു കിഴങ്ങൻ സ്ഥാനാർത്ഥിയുടെ തോൽ‌വിയിൽ സി പി എം പ്രവർത്തകർക്ക് പോലും ഉള്ളിൽ സങ്കടം തോന്നുമെന്ന് കരുതുന്നില്ല. സ്ഥാനാർഥി പ്രഖ്യാപനത്തിനായി നടത്തിയ പത്രസമ്മേളനത്തിൽ, ഒപ്പേറഷൻ തീയേറ്ററിൽ ഉപയോഗിക്കുന്ന സർജിക്കൽ ക്യാപ്പും തലയിൽ വെച്ച് (അത് OT ക്ക് പുറത്തിറങ്ങുന്നതിന് മുമ്പ് ഉള്ളിലെ ട്രാഷ് കാനിൽ തന്നെ നിക്ഷേപിക്കേണ്ടതാണ്) വന്നുള്ള ഇരിപ്പും സംസാരവും തന്നെ അയാൾ ഒരു കിഴങ്ങനാണെന്ന് വിളിച്ചുപറയുന്നതായിരുന്നു.

പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തതയോ കൃത്യതയോ ഇല്ലാത്ത പെടാപ്പോടെയുള്ള മറുപടികൾ അയാൾ ഒരു ഉണ്ണാക്കനാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. (ഇതിനിടയിൽ അയാളുടെ ഭാര്യയുടെ ഒരു അഭിമുഖം കണ്ടു. ചോദ്യങ്ങൾക്ക് വളരെ പക്വതയോടെയും കൃത്യമായുമുള്ള മറുപടികൾ കേട്ടപ്പോൾ, അയാളെക്കാൾ എത്ര ഭേദമായിരുന്നു ഇവരെ മത്സരിക്കാൻ നിർത്തിയിരുന്നെങ്കിൽ എന്നാണ് തോന്നിയത്). അവസാനം പോളിംഗ് ദിനത്തിൽ, താനൊരു കാന്‍ഡിഡേറ്റ് ആണെന്നുള്ള കാര്യം പോലും മറന്ന്, വോട്ട് കുത്താൻ വന്ന സിനിമാ നടന് കാറിന്റെ ഡോർ തുറന്നു കൊടുക്കാൻ പാഞ്ഞടുക്കുന്ന അയാളെ കണ്ടപ്പോൾ സഹതാപമാണ് തോന്നിയത്. ഇവിടെയാണോ വോട്ട് എന്നുള്ള സിനിമാ നടന്റെ ചോദ്യത്തിന്, അല്ല, ഒന്ന് കാണാൻ വന്നതാണെന്നുള്ള ഇളിഭ്യ ചിരിയോടെയുള്ള മറുപടി കേട്ടപ്പോൾ, ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ യോഗ്യതയില്ലാത്ത ഒരാളാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു.

ഒരു പാർട്ടി, മരിച്ചുപോയ മനുഷ്യന്റെ ഭാര്യയെ സഹതാപ വോട്ടിനായി നിർത്തുക. മറ്റേ പാർട്ടി മതവും ജാതിയും നോക്കി സ്ഥാനാർത്ഥിയെ നിർണ്ണയിക്കുക. ഇങ്ങനെ പാർട്ടികൾ മുമ്പിൽ വെച്ച് നീട്ടുന്ന മലമൂത്രാദികളിൽ ഒന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം മാത്രമാണ് ഒരു പൗരന് ലഭിക്കുന്നതെന്നുള്ളതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ദുരവസ്ഥ.

ഇവിടെയാണ് നമ്മൾ അമേരിക്കൻ ജനാധിപത്യത്തിൽ സ്ഥാനാർത്ഥികളെ നിർണ്ണയിക്കാനുള്ള പ്രൈമറികളെ മാത്രകയാക്കേണ്ടത്. ഒരു മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു പാർട്ടി പ്രവർത്തകനും പാർട്ടിയിൽ നോമിനേഷൻ കൊടുക്കാം. പിന്നീട് നടക്കുന്ന നിരവധി ഡിബേറ്റുകളിലൂടെ അയാളുടെ നിലപാടുകളും വിഷനും അവതരിപ്പിക്കുന്നു. അതിൽ മുന്നേറുന്ന കഴിവും വ്യക്തിത്വവുമുള്ളയാളെ ആ മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർ മത്സരിക്കാൻ തിരഞ്ഞെടുക്കുന്നു. അങ്ങനെ കഴിവ് തെളിയിച്ചു മുന്നിൽ എത്തുന്ന ആളാണ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ആ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഇതാണ് ജനാതിപത്യം.

അല്ലാതെ, അഞ്ച് വർഷത്തിനൊരിക്കൽ പാർട്ടി നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് ഒരു വോട്ട് കുത്താൻ വിധിക്കപെടുന്നതല്ല ജനാതിപത്യം. അതുവരെ ഉമയെ പോലുള്ളവർ ജയിക്കും. ജനാധിപത്യം തോറ്റുകൊണ്ടേയിരിക്കും….

Print Friendly, PDF & Email

Leave a Comment

More News