ബഫര്‍സോണിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രക്ഷോഭത്തിലേക്ക്; ജൂണ്‍ 15ന് സെക്രട്ടറിയേറ്റ് ഉപവാസം

കൊച്ചി: കര്‍ഷകരുള്‍പ്പെടെ മലയോരജനതയുടെ ജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ബഫര്‍സോണിനെതിരെ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രക്ഷോഭത്തിലേയ്ക്ക്.

രാജ്യത്തെ വന്യമൃഗ സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോലമേഖലയായി നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെയായതിനാല്‍ വിധിക്കെതിരെ സംസ്ഥാന ഗവണ്‍മെന്റ് റിവിഷന്‍ ഹര്‍ജി നല്‍കണമെന്നും പ്രശ്‌നബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനാവശ്യമായ അടിയന്തിര നടപടികളാവശ്യപ്പെട്ടും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ഭാരവാഹികള്‍ ജൂണ്‍ 15 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 4 മണി വരെ സെക്രട്ടറിയേറ്റിനു മുന്‍പില്‍ ഉപവസിക്കും. തുടര്‍ന്ന് സര്‍ക്കാരിന് കര്‍ഷകനിവേദനം കൈമാറും.

പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ ആവശ്യത്തിലേക്ക് കേസ്സ് ഫയല്‍ ചെയ്തപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റ് കക്ഷി ചേര്‍ന്നിരുന്നുവെങ്കില്‍ രാജസ്ഥാന്‍ വിഷയത്തില്‍ കേരളത്തില്‍ ഇത്തരം സാഹചര്യമുണ്ടാകുമായിരു ന്നില്ലന്ന് യോഗം വിലയിരുത്തി. ബഫര്‍സോണ്‍ വിഷയത്തില്‍ ജനാഭിപ്രായം രൂപീകരിക്കുന്നതിനും എല്ലാ കര്‍ഷകപ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുന്നതിനുമായി ജൂണ്‍ 9 വ്യാഴാഴ്ച രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി കര്‍ഷക കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.

യോഗം രാഷ്ട്രീയ കിസാന്‍ മഹാ സംഘ് നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വി ബിജു ഉല്‍ഘാടനം ചെയ്തു. ദക്ഷിണേന്ത്യന്‍ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ മുതലാംതോട് മണി, ഡോ: ജോസുകുട്ടി ഒഴുകയില്‍, ജോയ് കൈതാരം, ജിന്നറ്റ് മാത്യു, ജയപ്രകാശ് ടി.ജെ, അഡ്വ. ജോണ്‍ ജോസഫ്, ജോസഫ് തെള്ളിയില്‍, ജോര്‍ജ് സിറിയക്, ജോയ് കണ്ണംചിറ, പി.ജെ.ജോണ്‍ മാസ്റ്റര്‍, സണ്ണി ആന്റണി, വേണുഗോപാലന്‍ പി.കെ, സിറാജ് കൊടുവായൂര്‍, ജോസഫ് ചാണ്ടി, ജോബിന്‍ വടശ്ശേരി, സുരേഷ് കുമാര്‍ ഓടാപ്പന്തിയില്‍, റോസ് ചന്ദ്രന്‍, അപ്പച്ചന്‍ ഇരുവേലി, ഹരിദാസ് കല്ലടിക്കോട്, അഗസ്റ്റ്യന്‍ കെ.വി, സാബു വാകാനി, ജേക്കബ് മേലേടത്ത,് ഷാജി തുണ്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ദേശീയതലത്തില്‍ പ്രശ്‌നസങ്കീര്‍ണ്ണമായ ബഫര്‍സോണ്‍ വിഷയത്തില്‍ പ്രാദേശിക പ്രതികരണങ്ങള്‍കൊണ്ട് മാത്രം ഫലപ്രദമായ നേട്ടമുണ്ടാകില്ലെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നബാധിതപ്രദേശങ്ങളിലെ കര്‍ഷകസംഘടനകളുമായി കൂടിയാലോചിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ് തുടര്‍നീക്കങ്ങള്‍ നടത്തുമെന്നും ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News