സിൽവർ ലൈന്‍: അനുമതിക്കായി റെയില്‍‌വേ ബോര്‍ഡിന് സംസ്ഥാനം കത്തു നല്‍കി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് വേഗത്തിൽ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി സെൻട്രൽ റെയിൽവേ ബോർഡിന് കത്ത് നൽകി. 2020 ജൂൺ 17 ന് സമർപ്പിച്ച ഡിപിആറിന് അനുമതിക്കായി സംസ്ഥാനം രണ്ട് വർഷമായി കാത്തിരിക്കുകയാണ്. അതേസമയം, പദ്ധതിയെക്കുറിച്ച് റെയിൽവേ ബോർഡ് നിരന്തരം സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്.

പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. റെയിൽവേ ബോർഡ് ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യം ഡിപിആർ അപൂർണ്ണമാണ് എന്നതാണ്. റെയിൽവേയുടെ ഭൂമി സംബന്ധിച്ചും സംശയമുണ്ട്.

അലൈൻമെൻ്റിൻ്റെ ഭാഗമായ റെയിൽവേ ഭൂമി സംബന്ധിച്ച് വ്യക്തത വരുത്താൻ ദക്ഷിണ റെയിൽവേയുമായി ചേർന്ന് സംയുക്ത സർവ്വേ നടത്താൻ ബോർഡ് നിർദേശിച്ചിരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട സാങ്കേതിക രേഖകളും ബോർഡ് ആവശ്യപ്പെട്ടു.

പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്ന വിലയിരുത്തലുകൾ ഉണ്ടെങ്കിലും മുന്നോട്ടുപോകാനാണ് സർക്കാരിൻ്റെ തീരുമാനം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഒരാഴ്‌ച മുമ്പാണ് ചീഫ് സെക്രട്ടറി കത്തയച്ചത്. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് റെയിൽവേ ബോർഡുമായി നടത്തുന്ന ആശയവിനിമയങ്ങളുടെ തുടർച്ചയാണ് കത്തെന്നാണ് ചീഫ് സെക്രട്ടറി വി പി ജോയ് വ്യക്തമാക്കുന്നത്. അനുമതി തേടിയുള്ള കാത്തിരിപ്പ് നീളുന്നുവെന്ന് കേന്ദ്രത്തെ ഓർമപ്പെടുത്താൻ ഉദ്ദേശിച്ചാണ് കത്തയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Print Friendly, PDF & Email

Leave a Comment

More News