ദുബായ് സന്ദർശനത്തിനിടെ കറൻസി അടങ്ങിയ ബാഗ് മുഖ്യമന്ത്രി പിണറായി വിജയന് അയച്ചുകൊടുത്തു; ബിരിയാണി പായ്ക്കറ്റില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു: സ്വപ്ന സുരേഷ്

2020-ല്‍ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. കേസിൽ മുഖ്യമന്ത്രിയുടെ പങ്കും സംബന്ധിച്ച് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ സെക്ഷൻ 164 പ്രകാരം മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

മൊഴി നൽകുന്നതിന് മുമ്പ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിന് മുമ്പ്, മുഖ്യമന്ത്രി വിജയൻ, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ, മുൻ മന്ത്രി കെ.ടി ജലീല്‍ മുന്‍ ഐ‌എ‌എസ് ഉദ്യോഗസ്ഥ നളിനി നെറ്റോ എന്നിവർക്ക് പങ്കുണ്ടെന്ന് മൊഴി നൽകിയതായി സ്വപ്ന മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2016 ലെ വിദേശ സന്ദർശനത്തിനിടെ മുഖ്യമന്ത്രി കറൻസി കടത്തി എന്നാണ് സ്വപ്‌ന പറഞ്ഞത്. 2016 ൽ മുഖ്യമന്ത്രി ദുബായിൽ പോയ വേളയിലാണ് എം. ശിവശങ്കർ തന്നെ ആദ്യമായി ബന്ധപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഒരു ബാഗ് മറന്നു വെച്ചുവെന്നും അടിയന്തരമായി ദുബായിൽ എത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ദുബായ് കോൺസുലേറ്റിലെ ഒരു നയതന്ത്ര ഉദ്യോഗസ്ഥൻ വഴിയാണ് ഈ ബാഗ് കൊടുത്തയച്ചത്. ഈ ബാഗിൽ കറൻസിയായിരുന്നുവെന്നാണ് സ്‌കാനിംഗിൽ കണ്ടെത്തിയതെന്നും സ്വപ്‌ന ആരോപിച്ചു.

ഇതേ തുടർന്നാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് തുടങ്ങിയത്. ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി പാക്കറ്റുകൾ എത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ബിരിയാണി മാത്രമല്ല, അതിനുള്ളിൽ ഭാരമേറിയ സാധനങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞു.

ജീവന് ഭീഷണിയുണ്ട്’: എറണാകുളം അഡിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ. ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയെ സമീപിച്ചതെന്നും ഇത് കൂടാതെയുള്ള എല്ലാ വിവരങ്ങളും 164 മൊഴിയിൽ നൽകിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

മുഖ്യമന്ത്രിയെയും കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴക്കുന്നതിന് ആവശ്യമായ തെളിവുകൾ എവിടെയെന്ന ചോദ്യത്തിന് എല്ലാം കോടതിയിൽ നൽകിയെന്നായിരുന്നു മറുപടി. താൻ ഈ മൊഴിയാണ് എല്ലാ അന്വേഷണ ഏജൻസികൾക്കും നൽകിയത്. നിങ്ങൾ അറിയാത്തതിനാലാണ്. തനിക്ക് പ്രത്യേക അജണ്ടയില്ലന്നും മറ്റു കാരങ്ങൾ നിങ്ങൾ അന്വേഷിച്ച് കണ്ടെത്തൂവെന്നും സ്വപ്‌ന പറഞ്ഞു.

താൻ ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും പങ്ക് സംബന്ധിച്ച് വിശദമായി കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, സി.എം. രവീന്ദ്രൻ, നളിനി നെറ്റോ, മുൻ മന്ത്രി കെ.ടി. ജലീൽ എന്നിവരുടെ പങ്ക് സംബന്ധിച്ച് വിശദമായി മൊഴി നൽകിയിട്ടുണ്ടന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സ്വപ്‌നയുടെ ഹർജി പരിഗണിച്ചാണ് കോടതി രണ്ട്‌ ദിവസങ്ങളിലായി രഹസ്യമൊഴി രേഖപ്പെടുത്തിയത്.

സ്വപ്‌നയുടെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ രംഗത്തെത്തി. “അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങളിലൂടെ ഞങ്ങൾക്കെതിരെ ഉന്നയിക്കുന്നത്, ഇത് ചില രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്, അത് ഇതിനകം തന്നെ ആളുകൾ തള്ളിക്കളഞ്ഞു. കേസിലെ പ്രതികൾ ഒരു ഇടവേളയ്ക്ക് ശേഷം ആരോപണങ്ങൾ ഉന്നയിക്കുന്നു. ഇതിൽ ഒരു കണിക പോലും സത്യമില്ല,” മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി 16 മാസത്തിന് ശേഷം കഴിഞ്ഞ വർഷം നവംബറിലാണ് സ്വപ്ന ജയിൽ മോചിതയായത്. 2020 ജൂലൈ 11 ന് അവരെ മറ്റൊരു പ്രതിയായ സന്ദീപ് നായർക്കൊപ്പം ബെംഗളൂരുവിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയാണ്. 2020 ജൂലൈ 5 ന് തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയ റാക്കറ്റിനെക്കുറിച്ച് എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കസ്റ്റംസും വെവ്വേറെ അന്വേഷണം നടത്തി. ശിവശങ്കർ ഉൾപ്പെടെ നിരവധി പേരെ കൂടാതെ യുഎഇ കോൺസുലേറ്റിലെ മറ്റൊരു മുൻ ജീവനക്കാരനായ സരിത് പി എസ് എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News