ഗണ്‍ വയലന്‍സിനെതിരെ വിദ്യാര്‍ഥികളുടെ രാജ്യവ്യാപക പ്രതിഷേധം

വാഷിംഗ്ടണ്‍: സമീപകാലത്ത് അമേരിക്കയില്‍ നടന്ന മാസ് ഷൂട്ടിങ്ങിനും ഗണ്‍ വയലന്‍സിനുമെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ് ആണു റാലി സംഘടിപ്പിച്ചത്.

ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ അമേരിക്കന്‍ തെരുവീഥികളെ പ്രകമ്പനം കൊളളിച്ചു. ഉവാള്‍ഡ, ടെക്‌സസ്, ബഫല്ലോ, ന്യൂയോര്‍ക്ക് ഉള്‍പ്പെടെ ഈയിടെ നടന്ന മാസ് ഷൂട്ടിങ്ങുകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ നിരവധിപ്പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതിശക്തവും സുതാര്യവുമായ ഗണ്‍ കണ്‍ട്രോള്‍ നിയമങ്ങള്‍ വേണമെന്നു ലോ മേക്കേഴ്‌സ് ഉള്‍പ്പെടെയുള്ള ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണു വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 450 കേന്ദ്രങ്ങളില്‍ നൂറുകണക്കിനാളുകളെ ഉള്‍പ്പെടുത്തി റാലി സംഘടിപ്പിച്ചത്.

വാഷിംഗ്ടണ്‍ ഡിസിയില്‍ ഉച്ചയ്ക്ക് 12 -ന് ആരംഭിച്ച റാലി പന്ത്രണ്ടു മണിയോടെ സമാപിച്ചു. മൊണ്ടാനയില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി കോറി ബുഷ് റാലിയെ സംബോധന ചെയ്ത തനിക്കു നേരിടേണ്ടി വന്ന ഭയാനകമായ അനുഭവങ്ങള്‍ വിവരിച്ചു. “യുവതിയായിരിക്കുമ്പോള്‍ തന്റെ പാര്‍ട്‌നര്‍ തനിക്കെതിരെ നിരവധി തവണയാണു നിറയൊഴിച്ചത്. ഭാഗ്യം കൊണ്ടാണു രക്ഷപെട്ടത്. അന്നു മുതല്‍ ഗണ്‍ വയലന്‍സ് അവസാനിപ്പിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുകയും അതിനായി പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്നാണതു യാഥാര്‍ഥ്യമായി തീരുകയെന്ന് എനിക്ക് അറിയില്ല,” കോറി പറഞ്ഞു. റാലികള്‍ വളരെ സമാധാനപരമായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News