രാഗവിസ്മയ 2022 – സംഗീത വിസ്മയത്തിന് തിരശീല വീണു

ഹൂസ്റ്റൺ: 100 പേരെ ഒരു വേദിയിൽ അണിനിരത്തി ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട “രാഗവിസ്മയ 2022” എന്ന സംഗീത സിംഫണിയ്ക്ക്, ഹൂസ്റ്റൺ നിവാസികൾക്ക് പുത്തൻ അനുഭൂതി പകർന്ന് തിരശീല വീണു.

കോട്ടയം ഓർത്തഡോൿസ് തിയോളോജിക്കൽ സെമിനാരി അധ്യാപകനും സാമ (SAMA) യുടെ ഡയറക്ടറും ആയിരിക്കുന്ന വന്ദ്യ ഡോ. എം.പി. ജോർജ് അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സംഗീത സന്ധ്യയിൽ യുഎസ് ഫെഡറൽ ഗവൺമെന്റ് ഡെപ്യൂട്ടി അസ്സോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ വന്ദ്യ ഫാ. അലക്സാണ്ടർ കുര്യൻ അനുഗ്രഹ സന്ദേശം നൽകി. ഫോറ്റ്‌ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്‌ ഉത്‌ഘാടനം നിർവഹിച്ചു. സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു ആശംസകൾ അർപ്പിച്ചു. ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) പ്രസിഡണ്ട് റവ.ഫാ. ഏബ്രഹാം സഖറിയ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു.

വന്ദ്യ എം.പി. ജോർജ്‌ അച്ചന്റെ നേതൃത്വത്തിൽ 33 പാശ്ചാത്യ സംഗീത സംഗീതോപകരണങ്ങളുടെ അകമ്പടിയിൽ 100 പേരുടെ മ്യൂസിക് കൺസെർട് (ഹൂസ്റ്റൺ ഹാർമണി ക്വയർ), ഇന്ത്യൻ ക്ലാസിക്കൽ സംഗീത കച്ചേരി, എംജിഓസിഎസ്എം കുട്ടിക ളുടെ ക്രിസ്ത്യൻ ക്ലാസിക്കൽ ഡാൻസ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളിൽ 1000 ൽ പരം സംഗീത പ്രേമികൾ പങ്കെടുത്തു.ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെ വൈദികരും വിശ്വാസികളും ഗായകസംഘത്തിൽ അണിനിരന്നത് വേറിട്ട കാഴ്ചയായിരുന്നു.

ജൂൺ 3 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മിസ്സോറി സിറ്റിയിലെ വിശാലമായ സെന്റ് ജോസഫ് ഹാളിലായിരുന്നു ഈ സംഗീത വിസ്മയം. ഈ സംഗീത വിസ്മയത്തിനു നേതൃത്വം നൽകിയ വന്ദ്യ ഫാ.ഡോ.എം പി. ജോർജ് അച്ചനെയും പ്രധാന സ്പോൺസർമാരെയും ചടങ്ങിൽ വച്ച് മെമെന്റോകൾ നൽകി ആദരിച്ചു.

വരും വർഷങ്ങളിലും ഈ സംഗീത പരിപാടിയുടെ അവതരണം ഉണ്ടാകും എന്ന പ്രതീക്ഷയിൽ മൂന്നര മണിക്കൂർ നീണ്ടു നിന്ന രാഗവിസ്മയ- 2022 സംഗീത നിശയ്ക്ക് തിരശീല വീണു.

കേരളത്തിൽ നിന്നും ആദ്യമായി രചിക്കപ്പെട്ട് “ദി സോങ് ഓഫ് ആൻ ഇന്ത്യൻ കുക്കൂ” (The Song of an Indian Cuckoo) എന്ന തലക്കെട്ടിൽ രൂപം കൊണ്ട ഈ കോറൽ സിംഫണി ഒരു പാശ്ചാത്യ രാജ്യത്ത് അവതരിപ്പിച്ചു എന്നത് ഈ സംഗീത പരിപാടിയ്ക്ക് കൂടുതൽ ഹൃദ്യതയും പ്രാധാന്യവും നൽകുന്നു.

രെഞ്ചു രാജ്, സുരേഷ് രാമകൃഷ്ണൻ, വി.വി. ബാബുക്കുട്ടി, ഡോ.സൂസൻ ജോർജ്‌ എന്നിവർ പരിപാടിയുടെ പ്രധാന സ്‌പോൺസർമാരായിരുന്നു.

ഇടവകകയ്ക്കു ഒരു ചരിത്ര മുഹൂർത്തമായി രചിക്കപ്പെട്ട പരിപാടിക്ക് വേണ്ടി മാനേജിങ് കമ്മിറ്റി അംഗങ്ങളും 50 ൽ പരം വോളന്റീയർമാരും ഉത്സാഹപൂർവ്വം ആഴ്ചകൾ അധ്വാനിച്ചതിന്റെ ഫലം ഈ പരിപാടിയുടെ വൻ വിജയത്തിന് സാധ്യതകൾ തുറന്നുവെന്ന് വികാരി റവ.ഫാ.ഐസക്ക് ബി.പ്രകാശ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News