ഹൂസ്റ്റണില്‍ 11കാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ഹൂസ്റ്റണ്‍ : പട്ടാപ്പകല്‍ 11 വയസ്സുള്ള കുട്ടിയെ  ബലമായി കാറില്‍ കയറ്റി തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയിലായതായി ഹൂസ്റ്റണ്‍ പൊലീസ് അറിയിച്ചു.

ജൂണ്‍ 14 ചൊവ്വാഴ്ച വൈകിട്ട് ഹൂസ്റ്റണ്‍ ഫ്‌ലമിംഗ് ഡ്രൈവിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ വാഷ് ഏരിയയിലായിരുന്നു സംഭവം.  അവിടെ എത്തിയ മീഖല്‍ റമിറസ് തന്റെ കൈവശം ഉണ്ടായിരുന്ന ലോണ്ടറി കാര്‍ഡ് നഷ്ടപ്പെട്ടുവെന്നും കുട്ടിയുടെ ലോണ്ടറി കാര്‍ഡ് കടം തരണമെന്നും ആവശ്യപ്പെട്ടു. ഇതേ സമയം തന്റെ കാറിനകത്തു നഷ്ടപ്പെട്ടതാണോ എന്നു തിരക്കാന്‍ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. കുട്ടി കാറിനകത്തു കയറിയ ഉടനെ റമിറസ് ഓടിയെത്തി കാറില്‍ കയറി ഡോര്‍ അടച്ചു. മുഖം അടച്ചുപിടിക്കുകയും ചെയ്തു. ശബ്ദമുണ്ടാക്കരുതെന്നും ഓടിപ്പോകാന്‍ ശ്രമിച്ചാല്‍ തന്റെ കൈവശം തോക്കുണ്ടെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. ഭാഗ്യം കൊണ്ടു കുട്ടി ഇയാളില്‍ നിന്നു കുതറി ഡോര്‍ തുറന്നു പുറത്തുകടന്നു. കുട്ടിയുടെ നിലവിളി കേട്ടു സമീപത്തുള്ളവര്‍ ഓടിക്കൂടി പ്രതിയെ പിടികൂടി. കുട്ടി ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

പൊലീസ് എത്തി റമിറസിനെ അറസ്റ്റ് ചെയ്തു തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതിനു കേസ്സെടുത്തു. ജൂണ്‍ 16 വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ ധീരതയെ ഓടിക്കൂടിയവരും പൊലീസും മുക്തകണ്ഠം പുകഴ്ത്തി .

Print Friendly, PDF & Email

Leave a Comment

More News