സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രി മൗനം ദീക്ഷിക്കുന്നത് കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്ന് കുമ്മനം രാജശേഖരന്‍

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റം ഏറ്റെടുക്കുന്നതിന് തുല്യമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിൽ അക്രമവും അരാജകത്വവും സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലും ജനങ്ങൾക്ക് നൽകാത്ത ഫാസിസ്റ്റ് നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കേസിൽ അന്വേഷണ ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസിൽ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും പൊലീസ് അനങ്ങുന്നില്ലെന്നും, സ്വപ്നയുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയുന്നതിനെതിരെ അക്രമം അഴിച്ചുവിടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സോണിയ ഗാന്ധിയെ ഒഴിവാക്കിക്കിട്ടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. തെറ്റ് ചെയ്തതുകൊണ്ടാണ് ചോദ്യം ചെയ്യലിനെ ഭയപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് കലാപം സൃഷ്ടിക്കുന്നത് കോണ്‍ഗ്രസ് ജിഹാദി കൂട്ടുകെട്ടാണ്. ഇഡി ചോദ്യം ചെയ്യലിനെ തകിടം മറിക്കാനാണ് അഗ്നിപഥ് വിഷയത്തില്‍ അസ്ഥിരത സൃഷ്ടിക്കുന്നത്. തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് ഇത്തരം പദ്ധതി ആശ്വാസകരമാണ്. സായുധ സേനയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഭാരതം ശിഥിലാമാവണമെന്നു ആഗ്രഹിക്കുന്നവരാണ് അക്രമത്തിനു പിന്നിലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

 

 

Print Friendly, PDF & Email

Leave a Comment

More News