പ്രസിഡന്റ് ജോ ബൈഡന്‍ സൈക്കിളിൽ നിന്ന് വീണു; പരിക്കില്ല

ഡെലവെയര്‍: ഡെലവെയറിൽ സൈക്കിൾ സവാരിക്കിടെ പ്രസിഡന്റ് ജോ ബൈഡൻ തെറിച്ചു വീണു. എന്നാല്‍, അപകടത്തിൽ അദ്ദേഹത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല, സുഖമായിരിക്കുന്നു. “എനിക്ക് കുഴപ്പമൊന്നുമില്ല, ഐ ആം ഓകെ” എന്ന് അപകടത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

ഇന്നലെ (ജൂൺ 18 ശനിയാഴ്ച) യാണ് ജോ ബൈഡൻ പ്രഥമ വനിത ജിൽ ബൈഡനൊപ്പം ഡെലവെയറിലെ റെഹോബോത്ത് ബീച്ചിൽ വാരാന്ത്യ യാത്ര ആഘോഷിക്കാൻ എത്തിയത്. അവിടെ വെച്ചാണ് സൈക്കിൾ സവാരി നടത്തിയത്. അദ്ദേഹത്തെ നേരിട്ട് കാണാൻ നിരവധി അനുയായികളും റെഹോബോത്ത് ബീച്ചിലെ കേപ് ഹെൻലോപ്പൻ സ്റ്റേറ്റ് പാർക്കിൽ എത്തിയിരുന്നു.

ജോ ബൈഡൻ സൈക്കിളില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കാൽ പെഡലിൽ കുടുങ്ങുകയായിരുന്നു. അതോടെ കാല്‍ തെറ്റി വീഴുകയായിരുന്നു. സവാരി നടത്താന്‍ ബൈഡൻ ടി-ഷർട്ടും ഷോർട്ട്സും ഹെൽമറ്റും ധരിച്ചിരുന്നു. സൈക്കിളിൽ നിന്ന് വീണയുടനെ, അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തെ വളയുകയും എടുത്തു പൊക്കാന്‍ സഹായിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം, സൈക്കിളിൽ നിന്ന് എങ്ങനെയാണ് വീണതെന്ന ചോദ്യത്തിന്, സൈക്കിളിന്റെ പെഡലില്‍ കാൽ കുടുങ്ങിയതാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു.

ബൈഡൻ തന്റെ അനുയായികളോടും മാധ്യമപ്രവർത്തകരോടും വളരെ നേരം ഇവിടെ സംസാരിച്ചു. സൈക്കിൾ നിർത്തി ഇറങ്ങുന്നതിനിടെ കാൽ പെഡലിൽ കുടുങ്ങിയതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തൽക്കാലം അദ്ദേഹത്തിന് കുഴപ്പമില്ല. ബാക്കിയുള്ള ദിവസങ്ങൾ അദ്ദേഹം കുടുംബത്തോടൊപ്പം ചെലവഴിച്ചു.

മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, യുഎസ് പ്രസിഡന്റ് ചൈനയെയും പരാമർശിച്ചു. ചൈനയ്‌ക്കെതിരായ യുഎസ് താരിഫ് കുറയ്ക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. താമസിയാതെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News