ബഫര്‍സോണിനെതിരെ കര്‍ഷകപ്രക്ഷോഭം ജൂണ്‍ 25 മുതല്‍ വ്യാപകമാക്കും: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: സുപ്രീം കോടതി വിധിയുടെ മറവില്‍ കൃഷിഭൂമി കൈയേറി വന്യജീവി സങ്കേതങ്ങള്‍ക്ക് ബഫര്‍ സോണ്‍ സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്തി വ്യാപകമാക്കുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

ജൂണ്‍ 23 മുതല്‍ സംസ്ഥാനത്തുടനീളം പ്രശ്‌നബാധിതപ്രദേശങ്ങളുള്‍ക്കൊള്ളുന്ന വിവിധ ഇന്‍ഫാം കാര്‍ഷിക ജില്ലകളില്‍ കര്‍ഷക കണ്‍വന്‍ഷനുകളും പ്രതിഷേധ പ്രതിരോധ മാര്‍ച്ചുകളും നടക്കും. കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ആഭിമുഖ്യത്തില്‍ എല്ലാ പ്രാദേശിക കര്‍ഷക സംഘടനകളും തങ്ങളുടെ പ്രദേശങ്ങളില്‍ ബഫര്‍ സോണിനെതിരെ ജനകീയ പങ്കാളിത്തത്തോടെയുള്ള സമരപ്രക്ഷോഭങ്ങള്‍ തുടരണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ പ്രശ്‌നബാധിതമായിട്ടുള്ള കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങളുള്‍ക്കൊള്ളുന്ന പ്രദേശങ്ങളിലെ മലയോരജനതയുടെ ജനകീയ പ്രക്ഷോഭത്തില്‍ സംസ്ഥാനത്തെ എല്ലാ കര്‍ഷകസംഘടനകളും തുടര്‍ദിവസങ്ങളില്‍ പങ്കുചേരും. സംസ്ഥാനത്തെ കടലോര പ്രദേശങ്ങളിലെ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളും കൃഷിഭൂമി കൈയേറ്റത്തിനെതിരെ ജൂണ്‍ 18ന് വിഴിഞ്ഞത്ത് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകസംഘടനാ നേതാക്കളുടെ പ്രത്യേക സമ്മേളനം തുടര്‍നടപടികള്‍ക്കായി ജൂലൈ 6ന് തിരുവനന്തപുരത്ത് ചേരും. ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്നും കൃഷിഭൂമി കൈയേറാന്‍ ആരെയും അനുവദിക്കില്ലെന്നും ആവശ്യപ്പെട്ട് ഒരുലക്ഷം കര്‍ഷകരുടെ നിവേദനം കര്‍ഷക സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറും.

വന്യജീവികളെ ഇറക്കിവിട്ട് മലയോരജനതയെ മരണത്തിന് വിട്ടുകൊടുക്കുന്ന വനംവകുപ്പ്, കോടതി വിധികളിലൂടെ കൃഷിഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ക്രൂരതയ്ക്ക് ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും കുടപിടിക്കുന്നതും കൂട്ടുനില്‍ക്കുന്നതും അവസാനിപ്പിക്കണം. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കണം.

സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നുകിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ 2019 ഒക്‌ടോബര്‍ 19ന് അംഗീകാരം നല്‍കിയ മന്ത്രിസഭാ തീരുമാനവും തുടര്‍നടപടികളും ഉത്തരവുകളും അടിയന്തരമായി റദ്ദ് ചെയ്യണം. വനാന്തര്‍ഭാഗത്തും മലയോരങ്ങളിലും രൂപപ്പെടുന്ന ഉരുള്‍പൊട്ടലിന് കൃഷിഭൂമി വനമാക്കുകയല്ല വേണ്ടത്. മറിച്ച്, ക്വാറികളും ഖനനങ്ങളും നിലവിലുള്ള നിയമങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധിക്കുവാനുള്ള ആര്‍ജ്ജവം ഭരണാധികാരികള്‍ക്കുണ്ടാകണം. മലയോരജനതയുടെ ജീവിതപോരാട്ടത്തിന്റെ പേരില്‍ നേട്ടമുണ്ടാക്കാന്‍ ക്വാറി ഖനന മാഫിയകളെ അനുവദിക്കാനാവില്ലെന്നും സെപ്തംബര്‍ മൂന്നിനുള്ളില്‍ ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തി കേന്ദ്ര എംപവര്‍ കമ്മറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പൊതുജനങ്ങളുടെ അറിവിലേയ്ക്കും ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനുമായി പ്രസ്തുത റിപ്പോര്‍ട്ട് മുന്‍കൂറായി പരസ്യപ്പെടുത്തണമെന്നും വി.സി, സെബാസ്റ്റ്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News