മരിയന്‍ എന്‍ജിനിയറിംഗ് കോളജിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് ലാബ് സ്പോണ്‍സര്‍ ചെയ്ത് യു.എസ്.ടി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് ലാബ് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സെല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി സ്പോണ്‍സര്‍ ചെയ്ത്, തിരുവനന്തപുരം കഴക്കൂട്ടത്തുള്ള മരിയന്‍ എന്‍ജിനിയറിംഗ് കോളജില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് ലാബ്, സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഇന്നത്തെ ലോകത്ത് വന്‍കിട വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ വിവരസാങ്കേതിക വിദ്യ സുപ്രധാന പങ്ക് വഹിക്കുന്നതായും ഇത് ഭാവിയുടെ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ ഉന്നമനത്തിനായി ഇവയെല്ലാം ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് സാങ്കേതിക വിദഗ്ധരുടെ ഉത്തരവാദിത്തമാണെന്നും ആന്റണി രാജു അഭിപ്രായപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫലപ്രദമായി ഉപയോഗിക്കാവുന്ന വിവിധ മേഖലകള്‍ ചൂണ്ടിക്കാട്ടിയ മന്ത്രി ഇത് വഴി നിത്യ ജീവിതത്തില്‍ സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കി.

കോളജിലെ തന്നെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ സംരംഭമായ മരിയന്‍ സെന്റര്‍ ഓഫ് എക്സ്ലലന്‍സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് ആണ് ലാബ് സ്ഥാപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നൈപുണ്യ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന തരത്തിലുള്ള അത്യന്താധുനിക യന്ത്രങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചാണ് യു.എസ്.ടി സ്പോണ്‍സര്‍ ചെയ്യുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ആധുനിക രീതിയിലുള്ള സെന്‍സറുകള്‍, പ്രോസസറുകള്‍, റോബോട്ട് പ്ലാറ്റ്ഫോമുകള്‍ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകള്‍, സ്വന്തമായി തീരുമാനം എടുക്കാന്‍ ശേഷിയുള്ള റോബോട്ടുകള്‍, ഫേഷ്യല്‍ റക്കഗ്‌നിഷന്‍ സംവിധാനം, ഓബ്ജക്റ്റ് ട്രാക്കിംഗ്, ത്രീ-ഡി ഡിസൈനുകള്‍ എന്നിവ വികസിപ്പിക്കുന്നതിന് ഇവിടുത്തെ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. പുതിയ തലമുറയിലെ റോബോട്ടിക് പദ്ധതികള്‍ക്ക് വേണ്ട എല്ലാ സംവിധാനങ്ങളുമുള്ള റോബോട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം ഈ ലാബിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഡെവലപ്മെന്റ് ബോര്‍ഡുകളായ എന്‍വിഡിയ ജെറ്റ്സണ്‍, റാസ്പ്ബെറി പി.ഐ 4 എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും റോബോട്ടിക്സിനെയും കുറിച്ച് അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കെല്ലാം, പ്രത്യേകിച്ച് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്, അതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണെന്ന് മരിയന്‍ എന്‍ജിനിയറിംഗ് കോളജിലേയും യു.എസ്.ടിയിലേയും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാവസായിക മേഖലയും വിദ്യാഭ്യാസ രംഗവും തമ്മിലുള്ള ഈ സഹകരണം വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വിശാലമായ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരാവാസ വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ഏറെ സഹായകരമാണ് എന്ന് അവര്‍ ചൂണ്ടിക്കാട്ടി.

വൈവിധ്യമാര്‍ന്ന രീതികളിലൂടെ പൊതുജനങ്ങളുടെ ജീവിതങ്ങളില്‍ മാറ്റം സംഭവിപ്പിച്ചുകൊണ്ടിരിക്കുന്ന യു എസ് ടി യുടെ പദ്ധതികളിലൊന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു സമൂഹത്തിനും പ്രയോജനകരമായ വിധത്തില്‍ മികച്ച പഠന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുക എന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനസൗകര്യങ്ങള്‍ ഉറപ്പാക്കാനും, സാങ്കേതിക മേഖലയിലെ തൊഴിലുകള്‍ക്ക് അവരെ പ്രാപ്തരാക്കാനും ഇതിലൂടെ ഞങ്ങള്‍ക്കാകുന്നുണ്ട്, എന്ന് യു എസ് ടി വൈസ്പ്രസിഡന്റും സെമി കണ്ടക്ടര്‍ ആഗോളതല മേധാവിയുമായ ഗില്‍റോയ് മാത്യു പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ കൂട്ടിച്ചേര്‍ക്കലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക് ലാബ് എന്ന് മരിയന്‍ എന്‍ജിനിയറിംഗ് കോളജ് മാനേജര്‍ റവ. മോണ്‍സിഞ്ഞോര്‍ ഇ. വില്‍ഫ്രഡ് പറഞ്ഞു. ലോകത്തെ മാറ്റി മറിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകളെ കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള അറിവുകള്‍ പകര്‍ന്ന് നല്‍കാനായി പുതിയ ലാബ് സ്ഥാപിക്കാന്‍ സഹായ ഹസ്തവുമായി എത്തിയ യു.എസ്.ടി യോട് തങ്ങള്‍ നന്ദിയുള്ളവരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവരെ കൂടാതെ കേരള സംസ്ഥാന പിന്നോക്ക കമീഷന്‍ അംഗം ഡോ. എ വി ജോര്‍ജ്ജ്; കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജെ.ഡേവിഡ്; ഡീന്‍ ഡോ.എ. സാംസണ്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഇലക്ട്രോണിക്സ് വിഭാഗം മേധാവി വിനീത.ബി.എല്‍സ, ഇ.സി.ഇ പ്രൊഫസറും പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുമായ പ്രൊഫ.എം.മനോജ്, ഡോ.ഗില്‍റോയ് മാത്യൂ, സ്ഥാണു രാമകൃഷ്ണന്‍ തമ്പി, യു.എസ്.ടിയിലെ മററ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News