വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം; കുറ്റവാളികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ വെച്ച് പ്രതിഷേധ പ്രകടനം നടത്തിയ കുറ്റവാളികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസില്‍ ഉള്‍പ്പെട്ട ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജൂൺ 23 വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവധി. കുറ്റവാളികളെ വിശദമായി ചോദ്യം ചെയ്യാൻ ആറ് ദിവസം വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

ദേശീയ സുരക്ഷ നിയമത്തിന്‍റെ പരിധിയിൽ ഉള്ള കേസാണ് ഇതെങ്കിലും വിമാനത്താവള നിയമങ്ങൾ കൈകാര്യം ചെയ്യാവുന്ന കോടതി ജില്ലയിൽ വേറെ ഇല്ലാത്തതിനാൽ ജില്ലാ കോടതി എന്ന അധികാരം ഉപയോഗിച്ച്‌ കുറ്റകൃത്യം പരിഗണിക്കാൻ ജില്ലാ സെഷൻസ് കോടതിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, പ്രതികളെ തുടർ പരിശോധനയ്‌ക്ക് വിധേയരാക്കുവാൻ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഈ വിവരങ്ങൾ ജയിൽ അധികാരികൾക്ക് നൽകിയില്ല. ഒന്നാം പ്രതിയെ ജൂൺ 17നും രണ്ടാം പ്രതിയെ ജൂൺ 20നും മെഡിക്കൽ കോളജിലെ സർജറി, ഇ.എൻ.ടി വിഭാഗത്തിൽ കൊണ്ടുപോകേണ്ടതായിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം കോടതിയെ ധരിപ്പിച്ചങ്കിലും പൊലീസ് പ്രതികളെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി മെഡിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കി.

ഇത് പ്രതികൾക്കുള്ള നീതി നിഷേധമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ മൃദുൽ ജോൺ മാത്യു വാദിച്ചു. ഇതേത്തുടർന്നാണ് കുറ്റവാളികള്‍ക്ക് ആവശ്യമായ മെഡിക്കൽ നടപടി സ്വീകരിക്കാൻ കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചത്.

അതേസമയം, മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കുനേരെ അക്രമികൾ പാഞ്ഞടുക്കുകയായിരുന്നു. സംഭവം നടക്കുന്നതിനുമുൻപുള്ള ദിവസങ്ങളിൽ മൂന്ന് പ്രതികളും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇത് ഗൂഢാലോചനയുടെ തെളിവാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പ്രതിഷേധവുമായി ബന്ധപ്പെട്ടെടുത്ത വധശ്രമ കേസിലെ മൂന്ന് പ്രതികളുടെയും ഫോൺ രേഖകളും സർക്കാർ കോടതിയിൽ ഹാജരാക്കി. പ്രതികൾക്ക് ജാമ്യം നൽകാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ വിമാനത്തിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുകൂടേയെന്ന് കോടതി ചോദിച്ചെങ്കിലും ചെറുവിമാനമായതിനാൽ ക്യാമറ ഇല്ലെന്നായിരുന്നു സർക്കാർ മറുപടി.

അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും കേവലം പ്രതിഷേധിച്ച തങ്ങളെ മർദിച്ച ഇ.പി ജയരാജനെതിരെ നടപടി സ്വീകരിച്ചില്ലെന്നും പ്രതികൾ ചൂണ്ടിക്കാട്ടി. വാദം പൂർത്തിയായതിനെ തുടർന്ന് പ്രതികളുടെ ജാമ്യ ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി.

Print Friendly, PDF & Email

Leave a Comment

More News