ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കാന്‍ കുറ്റ്യാടി മുതല്‍ തിരുവനന്തപുരം വരെ സൈക്കിള്‍ മാരത്തണ്‍

കോഴിക്കോട്: സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്‌എംഎ) ബാധിച്ച ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ചികിത്സാ ധനസമാഹരണം ലക്ഷ്യമിട്ട് സൈക്കിൾ മാരത്തണുമായി യുവാക്കൾ രംഗത്ത്. കുറ്റ്യാടി മുതൽ തിരുവനന്തപുരം വരെ അഞ്ച് യുവാക്കൾ നടത്തുന്ന സൈക്കിള്‍ മാരത്തൺ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ഫ്ലാഗ് ഓഫ് ചെയ്തു.

ആദിൽ, ഫാസിൽ, മുഹമ്മദ്, ഷംനാദ്, നബോർ എന്നിവരാണ് 400 കിലോമീറ്റർ യാത്ര ചെയ്‌ത് പണം സമാഹരിക്കാൻ സൈക്കിൾ യാത്ര നടത്തുന്നത്. 18 കോടി രൂപയാണ് ഒന്നരവയസുകാരന്‍ ഇവാന്റെ ചികിത്സയ്ക്ക് കണ്ടെത്തേണ്ടത്. ഇവാൻ്റെ ചിത്രം പതിച്ച ടീ ഷർട്ടാണ് പ്രചാരണത്തിൻ്റെ ഭാഗമായി ഈ ടീം ധരിച്ചിരിക്കുന്നത്. കടന്നുപോകുന്ന വഴികളിൽ മുന്നോടിയായി പ്രചാരണ വാഹനവും ഉണ്ടാവും.

കുറ്റ്യാടി പാലേരി സ്വദേശി നൗഫല്‍ – ജാസ്‌മിന്‍ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഇവാൻ. ഒരു വര്‍ഷമായി വിവിധ ചികിത്സകള്‍ നടത്തിയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് ഇവാന് എസ്എംഎ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തുക കണ്ടെത്തേണ്ടതുകൊണ്ട് തന്നെ കഠിന പരിശ്രമമാണ് ചികിത്സാസഹായ കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News