എണ്‍പതുകളിലെ ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയ പൂവച്ചല്‍ ഖാദര്‍ കാല യവനികയ്ക്ക് പിന്നില്‍ മറഞ്ഞിട്ട് ഇന്നേക്ക് ഒരു വയസ്സ്

തന്റെ ശുദ്ധമായ വരികളിലൂടെ മലയാളികളുടെ ആലാപനാനുഭൂതി പൂവ് പോലെ ആവാഹിച്ച പൂവച്ചൽ ഖാദറിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം തികയുന്നു.

1980കളിൽ പൂവച്ചൽ ഖാദറിന്റെ മനോഹരമായ കൃതികൾ പ്രണയാര്‍ദ്രമായിരുന്നു. 1973-ൽ ആദ്യ ഗാനം രചിച്ച പൂവച്ചൽ ഖാദർ അരനൂറ്റാണ്ട് മലയാള സംഗീതലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഇതിനിടയിൽ 350 സിനിമകൾക്കായി ആയിരത്തിലധികം ഗാനങ്ങൾ എഴുതി. ഒപ്പം കവിതകളും ലളിതഗാനങ്ങളും.

എ.ടി ഉമ്മറിനൊപ്പം 149 ഗാനങ്ങളൊരുക്കിയ പൂവച്ചല്‍ ഖാദര്‍ ശ്യാമിനൊപ്പം 141 പാട്ടുകള്‍ ചെയ്‌തു. എ.ടി ഉമ്മര്‍ ഈണമിട്ട ‘ഉത്സവ’ത്തിലെ ‘ആദ്യ സമാഗമ ലജ്ജയില്‍’, രവീന്ദ്രന്‍ ആദ്യമായി ഈണമിട്ട ‘ചൂള’യിലെ ‘സിന്ദൂര സന്ധ്യയ്‌ക്കു മൗനം’, ശ്യാം ഈണമിട്ട ‘നിറക്കൂട്ടിലെ’ ‘പൂമാനമേ’, ‘ചാമര’ത്തില്‍ എം.ജി രാധാകൃഷ്‌ണന്‍റെ ഈണത്തില്‍ ‘നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍’, ജോണ്‍സണ്‍ ഈണമിട്ട ‘ഒരു കുടക്കീഴില്‍’ എന്ന ചിത്രത്തിലെ ‘അനുരാഗിണി ഇതാ എന്‍’, ‘പാളങ്ങളി’ലെ ‘ഏതോ ജന്മകല്‍പ്പന’യില്‍, കെ.വി മഹാദേവന്‍ ഈണമിട്ട ‘കായലും കയറും’ എന്ന ചിത്രത്തിലെ ‘ചിത്തിരത്തോണി’യില്‍, രഘുകുമാറിന്‍റെ ഈണത്തില്‍ ‘താളവട്ട’ത്തിലെ ‘പൊന്‍വീണേ’ അങ്ങനെ മലയാളിയെ കുളിരണിയിച്ച എത്രയോ പാട്ടുകള്‍.

ജോണ്‍സണൊപ്പം പൂവച്ചല്‍ ഒരുക്കിയ ഗാനങ്ങള്‍

ഏതോ ജന്മ കല്‍പ്പനയില്‍ – (ചിത്രം – പാളങ്ങള്‍)
പണ്ടൊരു കാട്ടില്‍ ഒരാണ്‍ സിംഹം – (ചിത്രം – സന്ദര്‍ഭം)
സുന്ദരിപ്പൂവിനു നാണം – (ചിത്രം – എന്‍റെ ഉപാസന)
രാഗിണി രാഗരൂപിണി – (ചിത്രം – കഥ ഇതുവരെ)
അനുരാഗിണി ഇതാ എന്‍ – (ചിത്രം – ഒരു കുടക്കീഴില്‍)
മന്ദാരച്ചെപ്പുണ്ടോ – (ചിത്രം – ദശരഥം).

രവീന്ദ്രനൊപ്പം പൂവച്ചലിന്‍റെ തൂലികയില്‍ പിറന്ന ഗാനങ്ങള്‍

ഇടവാക്കായലിന്‍, ഓളം മാറ്റി മുമ്പേ പോയ് – (ചിത്രം – വിധിച്ചതും കൊതിച്ചതും)
ഋതുമതിയായ്, രാവില്‍ രാഗനിലാവില്‍ – (ചിത്രം – മഴനിലാവ്)
തേങ്ങും ഹൃദയം, നാണമാവുന്നോ – (ചിത്രം – ആട്ടക്കലാശം)
മാനം പൊന്മാനം – (ചിത്രം – ഇടവേളയ്‌ക്ക് ശേഷം)
പുടവഞൊറിയും – (ചിത്രം – ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍)
ഇത്തിരി നാണം, ഹൃദയം ഒരു വീണയായ് – (ചിത്രം – തമ്മില്‍ തമ്മില്‍).

മഹാരഥന്മാര്‍ ഈണമൊരുക്കിയ എണ്‍പതുകളിലെ വിജയ ചിത്രങ്ങളിലെ അനിവാര്യതയായിരുന്നു പൂവച്ചല്‍ ഖാദറിന്‍റെ വരികള്‍. ആഘോഷിക്കപ്പെട്ട രചയിതാക്കള്‍ക്കിടയിലൂടെ സൗമ്യമായി കടന്നുപോയ അതുല്യ പ്രതിഭയായിരുന്നു പൂവച്ചല്‍ ഖാദര്‍. അദ്ദേഹത്തിന്‍റെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണ് സംഗീതാസ്വാദകര്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment