പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ രണ്ടു മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു; ഉദ്യോഗസ്ഥന്റെ കാമുകി അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ പോലീസ് ക്വാർട്ടേഴ്‌സിൽ ഭാര്യയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് ഓഫീസർ റെനീസിന്റെ കാമുകി ഷഹാനയെ റിമാന്‍ഡ് ചെയ്തു. റെനീസിന്റെ ഭാര്യ നജ്‌ല രണ്ട് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഷഹാനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. തന്നെ വിവാഹം കഴിക്കാൻ ഷഹാന റെനിയെ സമ്മർദ്ദത്തിലാക്കിയെന്നും നജ്‌ലയെയും മക്കളെയും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായും നജ്‌ലയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.

6 മാസം മുമ്പ് ഫ്ളാറ്റിലെത്തി നജ്‌ലയെ ഭീഷണിപ്പെടുത്തിയെന്നും, ആത്മഹത്യ ചെയ്‌ത ദിവസവും ഷഹാന ക്വാട്ടേഴ്‌സില്‍ എത്തി നജ്‌ലയുമായി വഴക്കിട്ടുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് യുവതിയെ കേസിൽ പ്രതിചേർത്തത്. ഉച്ചയ്ക്ക് ശേഷം 2 മണിയോടെ ഷഹാനയെ അന്വേഷണ സംഘം പൊലീസ് ക്വാട്ടേഴ്‌സിൽ എത്തിച്ച് തെളിവെടുത്തു.

കേസില്‍ നേരത്തെ നജ്ലയുടെ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനായ റെനിസിനെതിരെ ഗുരുതര കുറ്റങ്ങള്‍ പൊലീസ് ചുമത്തിയിരുന്നു. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നായിരുന്നു കണ്ടെത്തല്‍. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ പല തവണ റെനിസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

നജ്ലയെ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാള്‍ പുറത്ത് പോകുമ്പോള്‍ നജ്‌ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാന്‍ നജ്‌ലയെ അനുവദിച്ചില്ല. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ബന്ധുവായ ഷഹാനയെ വിവാഹം കഴിക്കാന്‍ നജ്‌ലയില്‍ റെനീസ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി.

റെനീസിന്‍റ മാനസിക ശാരിര പീഡനങ്ങളാണ് നജ്ലയെ ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ആലപ്പുഴ കുന്നുംപുറത്തുള്ള എആര്‍ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജ് ഔട്ട് പോസ്റ്റിലായിരുന്നു റനീസിന് ജോലി.

സംഭവ ദിവസത്തിന് തലേന്ന് രാത്രി എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment