ഹാര്‍ട്ട്ഫോര്‍ഡ് (കണക്ടികട്ട്): അയല്‍വാസികള്‍ തമ്മില്‍ ആരംഭിച്ച നായയെ കുറിച്ചുള്ള നിസ്സാര തര്‍ക്കം ഒടുവില്‍ യുവദമ്പതിമാരുടെ മരണത്തിലും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതിലും കലാശിച്ചു. ചെയ്സ് ഗാരറ്റ് (39), ക്രിസ്റ്റീന ഡാങ്ങ് (27) എന്നിവരാണ് കൊല്ലപ്പെട്ട ദമ്പതികള്‍. ഹാര്‍ട്ട്ഫോര്‍ഡ് മേയര്‍ ലൂക്ക് ബ്രോണില്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഫാദേഴ്സ് ഡേയില്‍ (ജൂണ്‍ 19ന്) നടന്ന ഈ ദാരുണ സംഭവത്തില്‍ അനാഥമായത് കൊല്ലപ്പെട്ട ദമ്പതിമാരുടെ 6 മാസം മാത്രം പ്രായമുള്ള കുഞ്ഞാണ്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സ്ത്രീയുടെ വിശദവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
വെടിവെയ്പ്പിനുശേഷം അറസ്റ്റ് നടന്നിട്ടില്ലെങ്കിലും വെടിവെച്ചയാളെ തിരിച്ചറിഞ്ഞതായി ഹാര്‍ട്ട് ഫോര്‍ഡ് പൊലീസ് അറിയിച്ചു. ചെറിയ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിരവധി വഴികളുണ്ടെന്നും പൊലീസിനെ കൃത്യ സമയത്തു വിളിച്ചു വിവരം അറിയിക്കണമെന്നും ഹാര്‍ട്ട് ഫോര്‍ഡ് പൊലീസ് ചീഫ് ജേസന്‍ തോടി പറഞ്ഞു.
ലഭ്യമായ വിവരമനുസരിച്ച് സംഭവം ഇങ്ങനെ: അയല്‍വീട്ടിലെ നായ, കൊല്ലപ്പെട്ട ക്രിസ്റ്റീനയെ മാന്തിയെന്നും ഇതില്‍ കുപിതനായ ഭര്‍ത്താവ് നായയുടെ ഉടമയായ അയല്‍വാസിയുമായി തര്‍ക്കിക്കുകയും വെടിവെയ്ക്കുകയുമായിരുന്നു. എന്നാല്‍, ഉടമ തിരിച്ചു വെടിവെച്ചപ്പോള്‍ ദമ്പതികള്‍ കൊല്ലപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ തന്നെ വെടിയേറ്റാണ് ഈ വീട്ടില്‍ തന്നെ താമസിച്ചിരുന്ന ഒരു സ്ത്രീക്ക് പരുക്കേറ്റതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news