പുന്നയൂർക്കുളം സാഹിത്യ സമിതി അശോകൻ നാലപ്പാട്ട് സ്മാരക വായന അവാർഡ് വിതരണം ചെയ്തു

പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ഒന്നാമത് അശോകന്‍ നാലപ്പാട്ട് സ്മാരക വായന അവാര്‍ഡ് ദന ചടങ്ങ് ജൂൺ 19 ഞായറാഴ്ച വൈകീട്ട് 3:15ന് കുന്നത്തൂർ റസിഡന്റ്‌സ് അസോസിയേഷൻ സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് ആഘോഷപൂർവ്വം നടത്തി.

പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിന്റെ ഔദ്യോദിക ഉദ്ഘാടനവും പുരസ്കാര വിതരണവും നിർവഹിച്ചത് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് ആയിരുന്നു. അവാർഡ് ജൂറി അംഗവും സമിതി അംഗവും കൂടിയായ ടി. മോഹൻ ബാബു സൃഷ്ടികളുടെ വിലയിരുത്തലുകൾ നടത്തി. സമിതി ജനറൽ കൺവീനർ ആമുഖപ്രഭാഷണം നടത്തി. വായന അവാർഡ് ജേതാക്കൾക്കും ആസ്വാദനക്കുറിപ്പ്, വാർത്താവലോകന മത്സര വിജയികൾക്കും റഫീക്ക് അഹമ്മദ്‌ പുരസ്കാരങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ പങ്കെടുത്ത വായന അവാർഡ് വിജയികൾ അവരുടെ വായനാനുഭവം സദസ്സുമായി പങ്കുവെച്ചു.

സമിതി എക്സ് ഒഫിഷ്യോ അംഗങ്ങളായ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജാസ്മിൻ ഷഹീർ, ജില്ലാ പഞ്ചായത്ത് അംഗം റഹീം വിട്ടീപറമ്പിൽ, ഗ്രാമ പഞ്ചായത്ത് അംഗം ഗോകുൽ അശോകൻ, സ്മരണ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.പി. സുന്ദരേശൻ, കുന്നത്തൂർ റസിഡന്റ്സ് അസോസിയേഷൻ ചെയർമാൻ പി. ഗോപാലൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സമിതി പ്രസിഡന്റ്‌ അബ്ദുൾ പുന്നയൂർക്കുളം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സമിതി സെക്രട്ടറി രാജേഷ് കടാംപുള്ളി സ്വാഗതം ആശംസിച്ചു. ട്രഷറർ ഷാജൻ വാഴപ്പുള്ളി നന്ദി രേഖപ്പെടുത്തി. സമിതിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദുണ്ണി ചോ, ഹക്കീം വെളിയത്ത് എന്നിവർ കവിത ആലപിച്ചു. സിറാജ് അമൻ അവതരിപ്പിച്ച ഗസൽ ഏറെ ഹൃദ്യമായ ഒരനുഭവമായിരുന്നു. സമിതി ജോ. സെക്രട്ടറി ദിവാകരൻ പനന്തറ ഗസൽ അവതാരകന് നന്ദി അർപ്പിച്ചു.

സമിതി രൂപീകരിച്ച് ഒരു വര്‍ഷം തികയുന്ന വേളയില്‍ സംഘടിപ്പിച്ച സമിതിയുടെ പ്രധാനപ്പെട്ട ഒരു ചടങ്ങായിരുന്നു വായനാ ദിനം. സമയക്കുറവു മൂലം തയ്യാറെടുപ്പുകളുടെ കുറവുകൾ പരിപാടിയെ ചെറുതായി ബാധിച്ചിട്ടുണ്ടെന്നും, വരും വര്‍ഷങ്ങളില്‍ ന്യൂനതകള്‍ പരിഹരിച്ച് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ചടങ്ങ് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വായന അവാർഡിനായി പരിഗണിച്ച 60 സൃഷ്ടികൾ വളരെ കുറഞ്ഞ ദിവസങ്ങൾക്കകം വായിച്ച് വിലയിരുത്തിയ ബാബു മാഷോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം, മറ്റു ജൂറി അംഗങ്ങളായ ഫാസിൽ കല്ലൂർ, ടി.ഡി. രാമകൃഷ്ണൻ എന്നിവർക്കും സമിതിയുടെ നന്ദി അറിയിച്ചു.

ചടങ്ങിന് റഫീക്ക് അഹമ്മദിനെ ഏർപ്പാടാക്കിയ പ്രസിഡന്റ് അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഫ്ലക്സ്, ബാനർ, പ്രശസ്തി പത്രം എന്നിവ തയ്യാറാക്കുന്നതിന് പരിശ്രമിച്ച കൃഷ്ണൻ മാസ്റ്റര്‍, പരിപാടിയുടെ വിജയത്തിനായി രാപ്പകല്‍ പരിശ്രമിച്ച സക്കറിയ, ഫേസ്ബുക്ക് ലൈവ് സൗകര്യമൊരുക്കിയ സമിതി അംഗം സുജീഷ് സോമൻ, പരിപാടിയുടെ അവതാരകരായ കൃഷ്ണൻ മാസ്റ്റർ- ഡെറി പോൾ, ലഘുഭക്ഷണം ഏര്‍പ്പാടാക്കിയ സുകു, പ്രദീപ്‌, വിശിഷ്യാ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ സഹോദരന്‍ സെയ്‌തു, പ്രാർത്ഥനാ ഗാനം ആലപിച്ച സാന്ദ്ര, പത്ര-മാധ്യമ പ്രവർത്തകർ, അവാർഡ് ജേതാക്കൾ, ഈ പരിപാടിയുടെ ഭാഗമായ ഗസൽ അവതരിപ്പിച്ച സിറാജ് അമന്‍, ഷമീര്‍, പരിപാടി നടത്താന്‍ സ്ഥലം അനുവദിച്ച റസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങൾ-ഭാരവാഹികൾ, പരിപാടിയിൽ പങ്കെടുത്ത സമിതിയിലെ സഹപ്രവർത്തകർ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment