നടൻ വിപി ഖാലിദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കൊച്ചി: മറിമായം എന്ന ടിവി സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ നാടക-സിനിമ-ടിവി സീരിയൽ നടൻ വിപി ഖാലിദ് വെള്ളിയാഴ്ച രാവിലെ വൈക്കത്ത് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ടൊവിനോ തോമസിനെ നായകനാക്കി വൈക്കത്ത് നടക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ഖാലിദ് കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ അബോധാവസ്ഥയിൽ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

അദ്ദേഹത്തിന്റെ മകൻ ഖാലിദ് റഹ്മാൻ മലയാള ചലച്ചിത്ര സംവിധായകനാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദും ജിംഷി ഖാലിദുമാണ് മറ്റ് രണ്ട് ആൺമക്കൾ. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്.

16-ാം വയസ്സിൽ നാടക കലാകാരനായാണ് 71 കാരനായ നടൻ തന്റെ കരിയർ ആരംഭിച്ചത്. ‘മറിമായം’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ജനപ്രിയനായത്. 1973 ൽ പി ജെ ആന്റണി സംവിധാനം ചെയ്ത “പെരിയാർ” എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.

കൊച്ചിൻ സനാതന, ആലപ്പി തിയ്യറ്റേഴ്സ് തുടങ്ങിയ ജനപ്രിയ നാടക ട്രൂപ്പുകളുമായി ബന്ധപ്പെട്ടിരുന്ന ഖാലിദ്, എഴുന്നള്ളത്ത്, ഡ്രാക്കുള, അഞ്ചാം തിരുമുറിവ് തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏണിപ്പടികള്‍, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Print Friendly, PDF & Email

Leave a Comment

More News