‘ഏഷ്യൻ നാറ്റോ’ സ്ഥാപിക്കുന്നത് അമേരിക്കയാണെന്ന് ഉത്തരകൊറിയ; പ്രതിരോധം ശക്തമാക്കുന്നു

പ്യോങ്‌യാങ്ങിന്റെ മുന്നറിയിപ്പുകൾ വകവയ്ക്കാതെ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി വാഷിംഗ്ടൺ സൈനിക നീക്കങ്ങൾ തുടരുകയാണെന്നും, ഏഷ്യയിൽ നേറ്റോ മാതൃകയിലുള്ള സൈനിക സഖ്യം അമേരിക്ക രൂപീകരിക്കുകയാണെന്നും ഉത്തരകൊറിയ ആരോപിച്ചു.

ജപ്പാനും ദക്ഷിണ കൊറിയയുമായി സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനിടയിൽ ഏഷ്യാ മാതൃകയിലുള്ള നേറ്റോ സ്ഥാപിക്കാനുള്ള സമ്പൂർണ നീക്കമാണ് വാഷിംഗ്ടൺ നടത്തുന്നതെന്ന് ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

യുഎസ്, ദക്ഷിണ കൊറിയൻ, ജാപ്പനീസ് സേനകളുടെ സമീപകാല സംയുക്ത അഭ്യാസങ്ങളുടെ ചുവടുപിടിച്ചാണ് ഈ പരാമർശങ്ങൾ വന്നത്. നാല് വർഷത്തിലേറെയായി ആദ്യമായി യുഎസ് വിമാനവാഹിനിക്കപ്പൽ ഈ അഭ്യാസങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഭ്യാസത്തിനു ശേഷമുള്ള ഒരു മീറ്റിംഗിൽ, ഉത്തര കൊറിയൻ ഉദ്യോഗസ്ഥർ വാഷിംഗ്ടണിന്റെയും സിയോളിന്റെയും “ആക്രമണാത്മക നീക്കങ്ങളെ” അപലപിച്ചു. കൊറിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ 72-ാം വാർഷികം ആഘോഷിക്കുന്ന വേളയില്‍ “യുഎസ് സാമ്രാജ്യത്വത്തോട് പ്രതികാരം ചെയ്യുമെന്ന്” പ്രതിജ്ഞയെടുത്തു.

പ്യോങ്‌യാങ് യുഎസിനെ ഇരട്ടത്താപ്പുകാരാണെന്ന് ആരോപിക്കുകയും, അത്തരം അഭ്യാസങ്ങൾ ഉത്തര കൊറിയൻ സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള യുദ്ധത്തിനുള്ള തയ്യാറെടുപ്പാണെന്നും ഏറ്റവും പുതിയ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

“നയതന്ത്ര ഇടപെടൽ”, മുൻവ്യവസ്ഥകളില്ലാത്ത സംഭാഷണം എന്നീ യുഎസ് വാചാടോപങ്ങളുടെ കാപട്യമാണ് ഇത് തെളിയിക്കുന്നത്. അതേ സമയം, ബലപ്രയോഗത്തിലൂടെ നമ്മുടെ വ്യവസ്ഥിതിയെ അട്ടിമറിക്കാനുള്ള യുഎസിന്റെ അഭിലാഷത്തിൽ ഒരു മാറ്റവുമില്ലെന്ന് വീണ്ടും വെളിപ്പെടുത്തുന്നു,” പ്രസ്താവനയിൽ പറയുന്നു.

അമേരിക്കയുടെ ശത്രുതയ്ക്കും മേഖലയിലെ ആക്രമണത്തിനും മുന്നിൽ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുകയാണെന്ന് ഉത്തരകൊറിയൻ സർക്കാർ പ്രഖ്യാപിച്ചു.

യു എസിന്റെ എല്ലാത്തരം ശത്രുതാപരമായ പ്രവർത്തനങ്ങളെയും കീഴ്പ്പെടുത്തുന്നതിന് കൂടുതൽ ശക്തി വികസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ ആവശ്യകത ഞങ്ങൾക്കിപ്പോള്‍ തോന്നുന്നു എന്ന് പ്രസ്താവനയില്‍ സൂചിപ്പിച്ചു.

വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ഐസിബിഎം), പുതിയ ഹൈപ്പർസോണിക് മിസൈലുകൾ, തന്ത്രപരമായ ആണവായുധങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഹ്രസ്വദൂര മിസൈൽ എന്നിവ ഉൾപ്പെടെ നിരവധി ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ ഈ വർഷം പരീക്ഷിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News