സ്വാശ്രയ ബി എഡ് – കോടതി ഉത്തരവിന്റെ മറവിൽ വിദ്യാർത്ഥികളിൽ നിന്ന് അധിക ഫീസ് പിരിച്ചെടുക്കാനുള്ള നീക്കം അനുവദിക്കില്ല: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

മലപ്പുറം: സംസ്ഥാനത്തെ സ്വാശ്രയ ബിഎഡ് കോളേജുകളിൽ ഫീസ് വർധന നടപ്പിലാക്കാനുള്ള ഹൈ കോടതി ഉത്തരവിന്റെ മറവിൽ വിദ്യാർത്ഥികളിൽ നിന്ന് കൊള്ളലാഭം പിഴിഞ്ഞെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. എട്ടു വർഷത്തെ കാലാവധിയും അധിക സാമ്പത്തിക ബാധ്യതയുടെയുമെല്ലാം ന്യായങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കഴിഞ്ഞ വർഷം സെൽഫ് ഫൈനൻസിങ് ടീച്ചേഴ്സ് എജുക്കേഷൻ ഹൈ കോടതി ഉത്തരവിലൂടെ 29000 രൂപ വരെ വാർഷിക ഫീസ് വരുന്നിടത്ത് 60,000 രൂപ വരെ വരുന്ന 100 ശതമാനം ഫീസ് വർധനവ് നടപ്പിലാക്കുന്നത്.

2021-2023 ബി എഡ് ബാച്ചുകളിലേക്ക് അഡ്മിഷൻ നടന്നത് അതാതു യൂണിവേഴ്സിറ്റികൾ പ്രസ്തുത സമയത്തു പുറത്തിറക്കുന്ന പ്രോസ്പെക്ട്സ് പ്രകാരമാണ്. 2021 സെപ്റ്റംബറിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയും കണ്ണൂർ യൂണിവേഴ്സിറ്റിയും പുറത്തിറക്കിയ പ്രോസ്പെക്ട്സ് പ്രട്യൂഷൻ ഫീ ഈടാക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

2021 സെപ്റ്റംബർ മാസം കേരള യൂണിവേഴ്സിറ്റി ഇഷ്യൂ ചെയ്ത പ്രോസ്‌പെക്ട്സിലും 29000 രൂപയാണ് ഇതേ വിഭാഗത്തിൽ വരുന്നത്. എംജി യൂണിവേഴ്സിറ്റിയുടെ പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസും വ്യത്യസ്തമല്ല. പ്രസ്തുത പ്രോസ്‌പെക്ടസ് പ്രകാരമാണ് വിദ്യാർത്ഥികൾ കോളേജ്കളിൽ അഡ്മിഷൻ എടുത്തിട്ടുള്ളത്.

എന്നാൽ കേരള ഹൈക്കോടതിയുടെ വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് 2022 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, 50% മെറിറ്റ് വിദ്യാർത്ഥികൾക്ക് – Rs. 45,000/- (നാല്പത്തി അയ്യായിരം രൂപ )യും ബാക്കി 50% മാനേജ്മെന്റ് വിദ്യാർത്ഥികൾ 60,000 രൂപ യും ഫീ ഇനത്തിൽ അടക്കണം എന്നാണ് നിർദേശം. യഥാർത്ഥത്തിൽ ഇത് പ്രോസ്പെക്ട്സ് മാനദണ്ഡമാക്കി അഡ്മിഷനെടുത്ത വിദ്യാർത്ഥികൾക്കെതിരെയുള്ള നീതി നിഷേധമാണ് . 2021-2023 ബി എഡ് ബാച്ചിലേക്ക് അന്ന് നിലവിലുള്ള പ്രൊസ്പെക്ടസിനെ മുൻനിർത്തികൊണ്ട് വിവിധ യൂണിവേഴ്സിറ്റികളിലേക്ക് അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളിൽ നിന്നും കോഴ്സ് ആരംഭിച്ചു മാസങ്ങൾക്കു ശേഷം അനധികൃതമായി പുതുക്കിയ ഫീസ് അടിച്ചേൽപ്പിക്കുന്ന സ്ഥിതി ഇപ്പോൾ തുടർ കാഴ്ച്ചയാണ്. വിദ്യാർത്ഥി കൊള്ളക്ക് മൗനാനുവാദവും നീക്കങ്ങളും നടത്തുന്ന ഉന്നത വിദ്യാഭ്യസ വകുപ്പ് നടപടി പ്രതിഷേധാർഹമാണ്. ഓരോ വർഷവും പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും അഡ്‌മിഷൻ ഫീ ഇനത്തിലും മറ്റുമായി പതിനായിരങ്ങൾ വാങ്ങുമ്പോൾ കൂടിയാണ് സർക്കാർ അനുമതിയുടെ മറവിൽ ഈ കൊള്ളയും തുടരുന്നത്.

യാതൊരു മുന്നറിയിപ്പില്ലാതെയും ഘട്ടം ഘട്ടമായൊന്നുമല്ലാതെ നടപ്പിലാക്കുന്ന ഈ അധിക ഫീസ് നീക്കം വിദ്യാർത്ഥി ദ്രോഹമാണ്. വിദ്യാർത്ഥി ദ്രോഹ നടപടികൾക്ക് കുടപിടിക്കുന്ന സമീപനമാണ് ഉന്നത വിദ്യാഭ്യസ വകുപ്പ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

വിഷയത്തിൽ അടിയന്തിര പ്രാധാന്യത്തോടെ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം. വിദ്യാർത്ഥി വിദ്യാഭ്യാസ അവകാശ നിഷേധങ്ങൾക്കെതിരെയും അനീതികൾക്കെതിരെയും ശക്തമായ പ്രക്ഷോഭങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് തെരുവിൽ തന്നെ ഉണ്ടാകും.

Print Friendly, PDF & Email

Leave a Comment

More News