മുൻ മന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ ശിവദാസ മേനോൻ അന്തരിച്ചു

കോഴിക്കോട് : മുൻ മന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ ടി. ശിവദാസ മേനോൻ (90) ചൊവ്വാഴ്ച ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ന്യൂമോണിയ ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പാലക്കാട് ജില്ലാ സെക്രട്ടറിയുമായിരുന്നു. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളിൽ 1987 മുതൽ 1991 വരെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയും 1996 മുതൽ 2001 വരെ ധനകാര്യ മന്ത്രിയുമായിരുന്നു.

രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു. 2001-ല്‍ ചീഫ് വിപ്പുമായിരുന്നു.

പിയേഴ്സ്ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരന്‍കുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊരാളായി 1932ലാണ് ശിവദാസമേനോന്‍ ജനിച്ചത്. മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍: ലക്ഷ്മീദേവി, കല്യാണി. മരുമക്കള്‍: അഡ്വ. ശ്രീധരന്‍, സി കെ കരുണാകരന്‍. സഹോദരന്‍: പരേതനായ കുമാരമേനോന്‍. ഏറെ നാളായി മഞ്ചേരിയില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം.

 

Leave a Comment

More News