അഞ്ചു വയസ്സുകാരന്റെ മരണം; മാതാവ്‌ ദിവസവും മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന്‌ കുററസമ്മതം

ഡാളസ്‌ : ഡാളസ്സില്‍ അഞ്ചു വയസ്സുകാരന്‍ മര്‍ദ്ദനമേറ്റ്‌ മരിച്ച സംഭവത്തില്‍ 26 വയസ്സു മാതാവിനെ അറസ്റ്റു ചെയ്തു. ജൂണ്‍ 27ന്‌ സൌത്ത്‌ ഡാളസ്സിലെ ഭവനത്തില്‍ നിന്നും ലഭിച്ച സന്ദേശത്തെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ പോലീസ് 5 വയസ്സുകാരനെ അബോധാവസ്ഥയില്‍ കണ്ടെത്തി. പരിശോധനയില്‍ കുട്ടിയുടെ തലയിലും ഉദരത്തിലും ശക്തമായ മര്‍ദ്ദനം ഏറ്റിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ്‌ മരണം സംഭവിച്ചതെന്നും പോലീസ്‌ പിന്നീട്‌ സ്ഥിരീകരിച്ചു.

മരണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത മാതാവ്‌ കുറ്റസമ്മതം നടത്തി. മരണദിവസം കുട്ടിയെ മുഷ്ടി ചുരുട്ടി ഇടിച്ചിരുന്നുവെന്നും, പുറത്തു കോഡു വയര്‍ ഉപയോഗിച്ചും അടിച്ചിരുന്നുവെന്നും മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു.

ചോദ്യം ചെയ്തതിനുശേഷം മാതാവിനെ പോലീസ്‌ അറസ്റ്റു ചെയ്തു. ഗുരുതരമായി ശാരീരിക പീഡനം നടത്തിയെന്ന ആരോപണമാണ്‌ ഇവര്‍ക്കെതിരെ ചാര്‍ജ്ജ്‌ ചെയ്തിരിക്കുന്നത്‌.

ഓട്ടോപ്സിക്കു ശേഷം കൂടുതല്‍ കുറ്റങ്ങള്‍ ചാര്‍ജ്ജ്‌ ചെയ്തേക്കാമെന്നും പോലീസ്‌ കൂട്ടിചേര്‍ത്തു.

ജൂണ്‍ 29ന് ബുധനാഴ്ച 5 വയസ്സുകാരന്റെ മരണത്തില്‍ രണ്ടാമതൊരു പ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തു. പിതാവെന്ന്‌ അവകാശപ്പെടുന്ന 74 വയസ്സുകാരന്‍ യൂലിസസ്സ്‌ കാസ്സിയാണ്‌ അറസ്റ്റിലായത്‌. കുട്ടിയെ മര്‍ദ്ദിക്കുന്നതിന് കൂട്ടുനിന്നുവെന്നാണ്‌ ഇയാള്‍ക്കെതിരെ ചാര്‍ജു ചെയ്തിരിക്കുന്ന കേസ്.

അഞ്ചു വയസ്സുകാരനെ കൂടാതെ ഇവര്‍ക്ക്‌ 7, 6, 3,1 വയസുള്ള കുട്ടികളും, മൂന്നു മാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. ഇവരെ വീട്ടില്‍ നിന്നും ഫോസ്റ്റര്‍ കെയറിലേക്ക്‌ മാറ്റി. കുട്ടിയുടെ പിതാവ്‌ എന്ന അവകാശപ്പെടുന്ന യൂലിസസ് കഴിഞ്ഞ ഒമ്പതു വര്‍ഷമായി ടിഫിനിയെ ഡേറ്റിങ്ങ്‌ ചെയ്തിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment