ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരിമിതപ്പെടുത്താനാരംഭിച്ച് യൂണിയന്‍ കോപ്

ദുബൈ മുനിസിപ്പാലിറ്റി ജൂലൈ ആദ്യം മുതല്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സ്റ്റോറുകളില്‍ 25 ഫില്‍സ് വീതം ഫീസ് ഈടാക്കുകയാണ്.

ദുബൈ: ഒത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാനുള്ള പുതിയ പദ്ധതിക്ക് ജൂലൈ ഒന്ന് വെള്ളിയാഴ്ച തുടക്കം കുറിച്ചതായി യൂണിയന്‍ കോപ് അറിയിച്ചു. പ്രകൃതിയുടെ സുസ്ഥിരത സംരക്ഷിക്കാനും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം കുറയ്‍ക്കാനും ലക്ഷ്യമിട്ട് ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പ്രഖ്യാപിച്ച നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

പതുക്കെപ്പതുക്കെ സുസ്ഥിരമായ ഒരു ചുറ്റുപാട് സൃഷ്ടിച്ചെടുക്കാനുള്ള യുഎഇ ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുകയും അതിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കുകയുമാണ് യൂണിയന്‍ കോപ് ചെയ്യുന്നതെന്ന് യൂണിയന്‍കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്‍ക്കാനുള്ള തീരുമാനം ഇന്ന് നടപ്പാക്കി തുടങ്ങുമ്പോള്‍ അത് ജനങ്ങളടെ പെരുമാറ്റ രീതികളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുകയും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം കുറയ്‍ക്കാന്‍ സഹായകമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം, പരിസ്ഥിതി സൗഹൃദമായ തുണി ബാഗുകള്‍ കറഞ്ഞ വിലയ്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി ബദല്‍ മാര്‍ഗങ്ങള്‍ യൂണിയന്‍ കോപ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തുണി ബാഗുകള്‍ പല തവണ സാധനങ്ങള്‍ വാങ്ങാനായി ഉപയോഗിക്കാം. ഇവയില്‍ മിക്കതും വൃത്തിയാക്കാനും കഴുകാനും പുനരുപയോഗിക്കാനും കഴിയുന്ന വസ്‍തുക്കള്‍ കൊണ്ട് നിര്‍മിച്ചവയുമാണ്.

യൂണിയന്‍കോപ് നല്‍കുന്ന തുണി ബാഗുകള്‍ നിരവധി തവണ ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. ഇത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് മുതല്‍ 3.26 ദിര്‍ഹത്തിന് തുണി ബാഗുകള്‍ നല്‍കിത്തുടങ്ങും. ഇതോടൊപ്പം 12 പേപ്പര്‍ ബാഗുകള്‍ 21 ദിര്‍ഹത്തിനും റീസൈക്കിള്‍ഡ് പ്ലാസ്റ്റിക് ബാഗുകള്‍ 25 ഫില്‍സിനും ലഭ്യമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സുസ്ഥിരമായ ചുറ്റുപാടിനെ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന ഈ മഹത്തായ ഉദ്യമത്തിന്റെ വിജയവും തുടര്‍ച്ചയും ഉറപ്പാക്കാനായി യൂണിയന്‍കോപ് എല്ലാ വിധത്തിലും പരിശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News