യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ്‌ ഇടവക മാര്‍തോമാശ്ലീഹായുടെ പെരുന്നാള്‍ ആഘോഷിച്ചു

യോങ്കേഴ്സ് (ന്യൂയോര്‍ക്ക്): യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ്‌ ഇടവക മാര്‍തോമാശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 2, 3 തീയതികളില്‍ ഭക്തിആദരപൂര്‍വ്വം കൊണ്ടാടി. പെരുന്നാളിന്റെ ആരംഭം കുറിച്ചുകൊണ്ട്‌ ജൂണ്‍ 26 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടി ഉയര്‍ത്തി.

ജൂലൈ രണ്ടാം തീയതി ശനിയാഴ്ച വൈകീട്ട്‌ ആറ്‌ മണിക്ക്‌ സന്ധ്യാ നമസ്ക്കാരവും തുടര്‍ന്ന്‌ വിശിഷ്ടാതിഥിയായി എത്തിയ റവ.ഫാ. കെ.എ. ചെറിയാന്റെ ഭക്തിനിര്‍ഭരമായ പ്രസംഗവും ഉണ്ടായിരുന്നു. റോമന്‍സ്‌ 12:2 നെ ആസ്പദമാക്കി അച്ചന്‍ വചനശുശ്രൂഷ ചെയ്തു. നേര്‍ച കാഴ്ചകളെക്കാള്‍ അധികമായി നമ്മെത്തന്നെയാണ്‌ ദൈവമുമ്പാകെ കാഴ്ച കൊടുക്കേണ്ടത്‌, വിശുദ്ധിയോടെയുള്ള നമ്മുടെ ജീവിതമാണ്‌ ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതെന്നും അച്ചന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ജൂലൈ മുന്നാം തീയതി ഞായറാഴ്ച രാവിലെ 8.30ന്‌ പ്രഭാതനമസ്ക്കാരവും തുടര്‍ന്ന്‌ വിശിഷ്ടാത്ഥി റവ.ഫാ.കെ.എ. ചെറിയാന്റെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും നടന്നു. ഇടവക വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, സഹവികാരി റവ.ഫാ. ഷോണ്‍ തോമസ്‌ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

വിശുദ്ധ കുര്‍ബാന മധ്യേയുള്ള കെ.എ. ചെറിയാന്‍ അച്ചന്റെ പ്രസംഗത്തില്‍ ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഒരു പെരുന്നാളാണ് സെന്റ്‌ തോമസ്‌ ഡേ എന്നും, തലമുറകളായി നാം ഇത്‌ കൊണ്ടാടുന്നുവെന്നും, നീതിമാന്റെ ഓര്‍മ്മ അനുഗ്രഹിക്കപ്പെട്ടതാണെന്നും, ഇത്‌ നമ്മുടെ തലമുറയെ പറഞ്ഞ്‌ മനസ്സിലാക്കണമെന്നും അച്ഛന്‍ ഓര്‍മ്മിപ്പിച്ചു. നാം ജീവിക്കുവാന്‍വേണ്ടി ജീവന്‍ വെടിഞ്ഞവനാണ്‌ തോമ്മാശ്ലീഹാ. അതുകൊണ്ട്‌ ഈ പെരുന്നാള്‍ നമുക്കും, ഇടവകയ്ക്കും, ദേശത്തിനും അനുഗ്രഹമായിരിപ്പാന്‍ തോമാശ്ലീഹാ പറഞ്ഞത്‌ പോലെ ‘എന്റെ കര്‍ത്താവും എന്റെ ദൈവവുമേ’ എന്ന്‌ പറയുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ എന്നും അച്ചന്‍ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

സെക്രട്ടറി വറുഗീസ്‌ പാപ്പന്‍ചിറ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. പെരുന്നാള്‍ കണ്‍വീനര്‍ കെ.ടി. ചെറിയാന്‍ പെരുന്നാളിന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി കൈകാര്യം ചെയ്തു. പെരുന്നാളിന്റെ സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News