മാനസിക രോഗിയാണെന്ന ശ്രീജിത് രവിയുടെ വാദം കോടതി അംഗീകരിച്ചില്ല; ജാമ്യം നിഷേധിച്ചു

തൃശൂർ: കുട്ടികൾക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച നടൻ ശ്രീജിത്ത് രവിക്ക് കോടതി ജാമ്യം നിഷേധിച്ചു. മാനസികാസ്വാസ്ഥ്യമുണ്ടെന്നും മരുന്ന് കഴിച്ചിട്ടില്ലെന്നുമുള്ള വാദം തൃശൂർ പോക്‌സോ കോടതി അംഗീകരിച്ചില്ല. നടനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തൃശൂർ അയ്യന്തോളിലെ പാർക്കിൽ വെച്ച് കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നടനെതിരെയുള്ള കേസ്.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ശ്രീജിത്ത് രവിയാണ് നഗ്നതാ പ്രദർശനം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്നാണ് പോലീസ് ശ്രീജിത്ത് രവിയുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന് തലേദിവസവും ശ്രീജിത് രവി നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നു. കുട്ടികള്‍ ഇക്കാര്യം വീട്ടുകാരെ അറിയിച്ചെങ്കിലും ആരും പരാതി നല്‍കിയില്ല. പക്ഷേ പിറ്റേ ദിവസവും ഇത് ആവര്‍ത്തിച്ചപ്പോഴാണ് രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

സ്‌കൂൾ വിട്ട് കുട്ടികൾ വരുന്നതിന് മുമ്പ് ശ്രീജിത്ത് രവി പാർക്കിൽ എത്തിയിരുന്നു. കുട്ടികൾ വരുമ്പോൾ അവർക്കെതിരെ നഗ്നതാ പ്രകടനം നടത്തുകയായിരുന്നു. ഈ പ്രവൃത്തി ചെയ്ത ആള്‍ സിനിമാ നടനാണെന്ന് കുട്ടികളോ മാതാപിതാക്കളോ അറിഞ്ഞിരുന്നില്ല. കറുത്ത കാറിലെത്തിയ ആളാണെന്നും സംഭവം നടന്ന സമയവും മാത്രമാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് പോലീസ് ആളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. നേരത്തെ പാലക്കാട് ജില്ലയിൽ ശ്രീജിത്ത് രവിക്കെതിരെ സമാനമായ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസില്‍ നടന്‍ പറഞ്ഞ് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി എന്നു പറയപ്പെടുന്നു.

Print Friendly, PDF & Email

Leave a Comment

More News