നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി നിരസിച്ചു

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വിശദമായ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് അജയ് റെസ്റ്റോഗി അദ്ധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ കഴിഞ്ഞ അഞ്ചര വർഷമായി ജയിലിൽ കഴിയുന്ന ഏക പ്രതി പൾസർ സുനിയാണെന്ന് പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. മറ്റ് പ്രതികൾക്ക് വിവിധ ഘട്ടങ്ങളിലായി ജാമ്യം ലഭിച്ചു എന്നും അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു.

കുറ്റകൃത്യം ചെയ്യാന്‍ പണം നൽകിയ നടൻ പുറത്തിറങ്ങിയ സാഹചര്യത്തിൽ സുനിക്കും ജാമ്യം നൽകണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാല്‍, യാതൊരു കാരണവശാലും സുനിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. വീഡിയോ ദൃശ്യങ്ങള്‍ അടക്കം സുനിക്കെതിരെ തെളിവായുണ്ട്.

കൂടാതെ പ്രതിക്കെതിരെ വ്യക്തമായ മൊഴി അതിജീവിത നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. തുടരന്വേഷണം നീളുന്ന സാഹചര്യത്തില്‍ കൂടി ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, അന്വേഷണത്തിലുള്ള കേസിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News