മഴക്കെടുതിയിൽ 32 പേർ മരിച്ചു; കർണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ ജൂലൈ 16 വരെ സ്കൂൾ അടച്ചു

ബെംഗളൂരു: കർണാടകയിൽ, പ്രത്യേകിച്ച് തീരദേശ ജില്ലകളിൽ പേമാരി നാശം വിതച്ചു. ഇതുവരെ 32 പേരുടെ മരണത്തിനിടയാക്കിയ മഴക്കെടുതിയിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടിയായി 500 കോടി രൂപ ഉടന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പ്രഖ്യാപിച്ചു.

34 പേർക്ക് പരിക്കേറ്റതായും 300 പേർ വിവിധ കേന്ദ്രങ്ങളിൽ അഭയം പ്രാപിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. എൻ‌ഡി‌ആർ‌എഫിന്റെയും എസ്‌ഡി‌ആർ‌എഫിന്റെയും നാല് ടീമുകൾ വീതം ദുരിതാശ്വാസ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മൂന്ന് ജില്ലകളിലായി 14 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു. അതേസമയം, തെക്കൻ ഗുജറാത്ത്, കച്ച്-സൗരാഷ്ട്ര മേഖലകളിലെ ചില ഭാഗങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കനത്ത മഴ ലഭിച്ചു. 14 പേർ അവിടെ മരിച്ചു. അതേസമയം, ഈ മഴക്കാലത്ത് ഇതുവരെ 31,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.

കച്ച്, നവസാരി, ഡാങ് ജില്ലകളിലെ മൂന്ന് ദേശീയപാതകൾ മഴക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് അടച്ചു. 51 സംസ്ഥാന പാതകളും 400-ലധികം റോഡുകളും തകർന്നതായി സംസ്ഥാന ദുരന്തനിവാരണ മന്ത്രി രാജേന്ദ്ര ത്രിവേദി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കനത്ത മഴയെത്തുടർന്ന് തെലങ്കാന സർക്കാർ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 16 വരെ അവധി നീട്ടി. സംസ്ഥാനത്തുടനീളം കനത്ത മഴയുടെ പ്രവചനത്തെ തുടർന്ന് സർക്കാർ നേരത്തെ 3 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു, വ്യാഴാഴ്ച സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി മൂന്ന് ദിവസം കൂടി നീട്ടാൻ അധികൃതർ തീരുമാനിച്ചത്.

Print Friendly, PDF & Email

Leave a Comment

More News