യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥിനെ അറസ്റ്റു ചെയ്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം; ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ കയറി പ്രതിഷേധിച്ച കേസിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരിനാഥന് ജാമ്യം. മൊബൈൽ ഫോൺ ഹാജരാക്കാനും മൂന്ന് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും 5000 രൂപയുടെ ബോണ്ട് കെട്ടിവെക്കാനുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. രാവിലെ ശംഖുമുഖം എസിപിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ ശബരിനാഥനെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി പ്രോസിക്യൂട്ടർ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചു.

ശബരീനാഥന്റെ മുൻകൂർ ജാമ്യാപേക്ഷ രാവിലെ പരിഗണിച്ച കോടതി ഹര്‍ജിയില്‍ തീരുമാനമെടുക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചതിനു ശേഷമാണ് അറസ്റ്റ് നടന്നതെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ഗൂഢാലോചന, കൊലപാതകശ്രമം, സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ശബരീനാഥനെ കസ്റ്റഡിയില്‍ വിടമണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടു. ഗൂഢാലോചനയില്‍ ശബരീനാഥനാണ് മാസ്റ്റര്‍ ബ്രയിനെന്നും വാട്‌സ് ആപ്പ് ഉപയോഗിച്ച ഫോണ്‍ കണ്ടെത്താന്‍ കസ്റ്റഡിയില്‍ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വാട്‌സ് ആപ്പ് സന്ദേശമയച്ചശേഷം ശബരീനാഥന്‍ ഒന്നാം പ്രതിയെ ഫോണില്‍ വിളിച്ചെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.

മാറ്റാര്‍ക്കെങ്കിലും സന്ദേശമയച്ചോയെന്ന് കണ്ടെത്തണം. പ്രതികള്‍ നാലുപേരും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോന നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഫോണ്‍ കോടതിക്കോ, അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പിലോ എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാമെന്ന് ശബരീനാഥന്‍ അറിയിച്ചു. ശബരീനാഥന്‍ ജനപ്രതിനിധിയായിരുന്നുവെന്നും അതിനാല്‍ ഒളിവില്‍ പോകാനോ തെളിവുകള്‍ നശിപ്പിക്കാനോ സാധ്യതയില്ലെന്നും പ്രതിഭാഗം വാദിച്ചു.

കേസിലെ മൂന്ന് പ്രതികളിൽ രണ്ട് പേർക്ക് ജാമ്യവും ഒരാൾക്ക് മുൻകൂർ ജാമ്യവും ലഭിച്ചതായി ശബരിനാഥന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News