കുട്ടികൾക്കായി കലാശിൽപ്പശാലയൊരുക്കി ഷാർജയിലെ ‘മരായാ ആർട് സെന്റർ’

ഷാര്‍ജ: വേനൽക്കാലത്ത് കുട്ടികൾക്കായി സർ​​ഗാത്മക പരിശീലന ശിൽപ്പശാലയൊരുക്കി ഷാർജയിലെ സന്നദ്ധ കലാസംരംഭമായ മരായാ ആർട്ട് സെന്റർ. സമ്മർ ക്യാംപ് എന്നു പേരിട്ടിരിക്കുന്ന ശിൽപ്പശാലയിൽ ഏഴു മുതൽ പന്ത്രണ്ടു വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കായി വിവിധ പരിശീലന സെഷനുകളാണ് ഒരുങ്ങുന്നത്.

പുതുതായി ഓരോ വസ്തുക്കൾ നിർമിക്കാനുള്ള കുട്ടികളിലെ നൈസ്സർ​ഗിക വാസനയെ പ്രോത്സാഹിപ്പിക്കാനും അതിൽ വിദ​ഗ്ധ പരിശീലനം നൽകുന്നതും ലക്ഷ്യം വച്ച്, ‘ബിൽഡ് ഇറ്റ്’ (build it) എന്ന ആശയത്തെ കേന്ദ്രീകരിച്ചാണ് വർക്ക് ഷോപ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. ബലൂൺ, ഇഷ്ടിക തുടങ്ങി നിരവധി വസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള കലാനിർമാണങ്ങളും ചിത്രരചനാ പരിശീലനവുമെല്ലാം ഇതിന്റെ ഭാഗമായുണ്ടാവും. പ്രശസ്ത കലാകാരി സാറ മഹ്മൂദ് അടക്കമുള്ളവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

ആറു ദിവസത്തെ ക്യാംപിന്റെ അവസാനദിവസം, നിലവിൽ കലാമേഖലയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കു്നന എൻഫ്എടിയുടെ സാധ്യതകളെക്കുറിച്ചും കുട്ടികൾക്ക് എങ്ങനെ ഡിജിറ്റൽ കലാസൃഷ്ടികൾ നിർമിക്കാമെന്നതിനെക്കുറിച്ചും പ്രത്യേക സെഷനും ഒരുക്കുന്നുണ്ട്.

ജൂലൈ 25 മുതൽ 30 വരെയായി ആറു ദിവസം നീണ്ടുനിൽക്കുന്ന ക്യാംപിന്റെ സമയക്രമം രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ്. ഷാർജ അൽ ഖസ്ബയിലുള്ള മരായ ആർട് സെന്ററാണ് വേദി.

390 ദിർഹമാണ് ക്യാംപിൽ മുഴുവനായി പങ്കെടുക്കാനുള്ള നിരക്ക്. താത്പര്യമുള്ള പരിശീലനസെഷനുകളിൽ മാത്രമായി റജിസ്റ്റർ ചെയ്യാൻ 80 ദിർഹം. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 054 997 0535 എന്ന നമ്പറിൽ വാട്സാപ് ചെയ്യുകയോ rsvp@maraya.ae എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം.

മേഖലയിലെ വളർന്നുവരുന്ന കലാകാരന്മാരെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമായി ഷാർജ നിക്ഷേപവികസന വകുപ്പിന്റെ (ഷുറൂഖ്) കീഴിൽ 2006ൽ ആരംഭിച്ച സന്നദ്ധ കലാസംരംഭമാണ് മരായാ ആർട് സെന്റർ. വിവിധ രാജ്യങ്ങളിൽ നിന്നെത്തി യുഎഇ ആസ്ഥാനമായി കലാപ്രവർത്തനം നടത്തുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും കുട്ടികളടക്കമുള്ള പുതുതലമുറയ്ക്ക് കലയോടുള്ള ആഭിമുഖ്യം വളർത്താനുമായി നിരവധി കലാപ്രദർശനങ്ങളും വേദിയും പ്രത്യേക പരിശീലനങ്ങളും ഇവിടെ ഒരുക്കാറുണ്ട്. സൗജന്യപ്രവേശനമുള്ള കലാപ്രദർശനങ്ങൾ ഷാർജ അൽ ഖസ്ബയിലെത്തുന്ന സഞ്ചാരികളുടെയും മനസ്സ് കവരാറുണ്ട്.

Print Friendly, PDF & Email

Leave a Comment

More News