കെ ടി ജലീൽ കോൺസൽ ജനറലുമായി പലതവണ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷ്

പാലക്കാട്: മുൻ മന്ത്രി കെ.ടി.ജലീല്‍ കോൺസൽ ജനറലുമായി പലതവണ രഹസ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും കെടി ജലീലും പ്രോട്ടോക്കോൾ ലംഘിച്ചുവെന്നും സ്വപ്ന പറഞ്ഞു. ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ജലീലിനെതിരെ ആരു ശബ്ദം ഉയർത്തിയാലും അവരേയും കുടുംബത്തെയും നശിപ്പിക്കാൻ ജലീല്‍ ശ്രമിക്കുമെന്നും സ്വപ്ന വ്യക്തമാക്കി.

ജലീല്‍ നടത്തിയ കൂടിക്കാഴ്ചകളുടെ തെളിവുകൾ ശേഖരിക്കുകയാണെന്നും ഇ-മെയിലുകളും ആശയവിനിമയങ്ങളും ഉൾപ്പെടെ ഒട്ടേറെ തെളിവുകൾ നശിപ്പിക്കപ്പെട്ടതായും സ്വപ്ന പറഞ്ഞു. എല്ലാ തെളിവുകളും എൻഐഎ പിടിച്ചെടുത്തു. ഒരുപാട് തെളിവുകൾ അവർ നശിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ തെളിവുകളും എൻഫോഴ്‌സ്‌മെന്റിന് കൈമാറിയതായി സ്വപ്ന അറിയിച്ചു.

മുഖ്യമന്ത്രി, കെ.ടി ജലീല്‍, ശിവശങ്കര്‍, കടകംപള്ളി സുരേന്ദ്രന്‍, കാന്തപുരം അബൂബക്കര്‍ എന്നിവര്‍ അടങ്ങിയ വിവിഐപി സംഘം മര്‍ക്കസിന്റെ ശൈഖ് സായിദ് ഇന്റര്‍നാഷനല്‍ പീസ് കോണ്‍ഫറന്‍സിനു വേണ്ടി എത്തുമെന്ന് മര്‍ക്കസ് അറിയിച്ചിരുന്നു. റെഡ് ക്രസന്റിന്റെ ഔദ്യോഗിക സംഘമാണെന്നാണ് അവര്‍ പറഞ്ഞത്. വിദേശകാര്യ മന്ത്രാലയം അറിയാതെയായിരുന്നു ഇതെന്നും സ്വപ്‌ന പറഞ്ഞു. അവിടത്തെ നമ്മുടെ കോണ്‍സുല്‍ ജനറലിന്റെ ഓഫീസ് ഉപയോഗിച്ച് സ്യൂട്ട്കേസ് തിരുവനന്തപുരത്തെത്തിച്ചു. അവിടെനിന്ന് കാന്തപുരത്തിനു വേണ്ടി സ്യൂട്ട്കേസ് കോഴിക്കോട്ടെത്തിക്കുകയായിരുന്നെന്നും അവര്‍ അറിയിച്ചു. ഇതിനുള്ള പോലീസ് എസ്‌കോര്‍ട്ടിനായി എഡിജിപിയോടും ശിവശങ്കറിനോടും മുഖ്യമന്ത്രിയുടെ ഓഫീസിനോടുമെല്ലാം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.

മുഖ്യമന്ത്രിയും ശിവശങ്കറും ചേർന്നാണ് തന്നെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചത്. താൻ കോൺസൽ ജനറലിന്റെ പിഎ അല്ലെന്നും കേരള സർക്കാരിനു കീഴിലുള്ള സ്പേസ് പാർക്കിന്റെ ഓപ്പറേഷൻ മാനേജരായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News