യു എസ് ടി തിരുവനന്തപുരം ക്യാമ്പസിൽ ചമ്പക്കുളം ചുണ്ടനെ സന്ദർശിച്ച് പുതു തലമുറയിലെ തുഴക്കാർ

തിരുവനന്തപുരം: പലകുറി ജലരാജാവായി വാഴ്ത്തപ്പെട്ട പഴയകാലത്തിന്റെ ചമ്പക്കുളം ചുണ്ടൻ വള്ളത്തെ കാണാനും തങ്ങൾ നേടിയ ഏറ്റവും പുതിയ വിജയം ആഘോഷിക്കാനുമായി ഇപ്പോൾ മത്സരരംഗത്തുള്ള ചമ്പക്കുളം ചുണ്ടന്റെ പുതു തലമുറയിലെ തുഴക്കാർ യു എസ് ടി തിരുവനന്തപുരം ക്യാമ്പസിൽ എത്തിയത് ആവേശമുണർത്തി. ജൂലൈ 12 ന് നടന്ന ചമ്പക്കുളം മൂലം വള്ളം കളിയിൽ പുതിയ തലമുറയിലെ ചമ്പക്കുളം ചുണ്ടൻ വള്ളം തുഴഞ്ഞ കേരള പോലീസ് ടീമാണ് വിജയികളായത്. ടീം അംഗങ്ങൾ ട്രോഫിയുമായാണ് യു എസ് ടി കാമ്പസിലെത്തി പഴയ ചമ്പക്കുളം ചുണ്ടനു മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

യു എസ് ടി യുടെ ക്ഷണപ്രകാരം എത്തിയ കേരള പോലീസ് ടീമംഗങ്ങൾ അടങ്ങുന്ന പുതിയ ചമ്പക്കുളം ചുണ്ടന്റെ തുഴക്കാർ തങ്ങൾ നേടിയ ട്രോഫി പഴയ ചുണ്ടനുമുന്നിൽ വച്ച് അഭിവാദ്യമർപ്പിച്ചു. യു എസ് ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലക്സാണ്ടർ വർഗീസ്, സീനിയർ ഡയറക്ടർ ഓപ്പറേഷൻസ് – വർക്ക് സ്പേസ് മാനേജ്മെന്റ് ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ, സീനിയർ ഡയറക്ടറും തിരുവനന്തപുരം കേന്ദ്രം മേധാവിയുമായ ശില്പ മോനോൻ എന്നിവരുടെ നേതൃത്വത്തിൽ യു എസ് ടി ജീവനക്കാർ വിജയികളെ സ്വീകരിച്ചു. ചമ്പക്കുളം ചുണ്ടന്റെ വിജയ വീഡിയോയും ചിത്രങ്ങളും പ്രദർശിപ്പിച്ചു. യു എസ് ടി നേതൃനിരയ്ക്കൊപ്പം തുഴച്ചിൽ സംഘം ഉച്ചഭക്ഷണവും കഴിച്ച ശേഷമാണ് മടങ്ങിയത്.

1989 മുതൽ 2013 വരെ ഒൻപതു തവണ നെഹ്റു ട്രോഫി നേടിയ ചമ്പക്കുളം ചുണ്ടൻ യു എസ് ടി കാമ്പസിന്റെ പ്രധാന ആകർഷണമാണ്. 2013-ൽ മത്സര രംഗത്ത് നിന്നും വിരമിച്ച ശേഷമാണ് ചമ്പക്കുളം ചുണ്ടൻ യു എസ് ടി കാമ്പസിലേക്ക് എത്തിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News