CBSE പരീക്ഷയിൽ ഒന്നാം റാങ്ക്; സ്കോളർഷിപ്പോടെ യുഎസ്എയിൽ തുടർപഠനം; അകക്കണ്ണിന്റെ പ്രകാശവുമായി ഹന്ന

എറണാകുളം: ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ കല്ലൂർ സ്വദേശിനി ഹന്ന ആലീസ് സൈമൺ കാഴ്ച വൈകല്യത്തെ ആത്മവിശ്വാസത്തോടെ നേരിട്ട് ഇപ്പോൾ അമേരിക്കയിൽ തുടര്‍പഠനത്തിനൊരുങ്ങുന്നു. സ്‌കോളർഷിപ്പോടെ അമേരിക്കയിലെ നോട്രെഡെയിം യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജി ബിരുദ പഠനത്തിനാണ് ഹന്ന തിരഞ്ഞെടുക്കപ്പെട്ടത്. ഓഗസ്റ്റ് 9 ന് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് പറക്കാനൊരുങ്ങുകയാണ് ഹന്ന.

ഹന്നയ്ക്ക് മൈക്രോഫ്താൽമിയ എന്ന നേത്രഗോളങ്ങളുടെ അവികസിതാവസ്ഥ മൂലമാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. നൂറുശതമാനം കാഴ്ച വൈകല്യമുള്ള ഹന്ന ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 500ൽ 496 മാർക്കും നേടി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കി. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളിൽ നിന്നാണ് ഹന്ന പ്ലസ് ടു പഠനം പൂർത്തിയാക്കിയത്.

500ൽ 496 മാർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹന്ന പറയുന്നു. ഒന്നാം റാങ്ക് പ്രശ്നമായിരുന്നില്ല. ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ ഒന്നാമതെത്തുക്ക എന്നതിലുപരി 496 മാർക്ക് നേടിയതിൽ സന്തോഷമുണ്ടെന്ന് ഹന്ന പറയുന്നു. മകളുടെ ഭാവിയെ ഓർത്ത് വിഷമിക്കുന്ന മാതാപിതാക്കൾക്ക് ഇന്ന് അഭിമാനമാണ് ഹന്ന.

ഒട്ടേറെ വെല്ലുവിളികള്‍ മറികടന്നാണ് ഹന്ന ഈ നേട്ടം കൊയ്തത്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ സഹപാഠികളുടെയും ചില അദ്ധ്യാപകരുടേയും അവഹേളനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്തിന് ഇത്തരമൊരു കുട്ടിയെ പഠിപ്പിക്കണമെന്ന് ഹന്നയുടെ മാതാപിതാക്കളോട് ചോദിച്ച അദ്ധ്യാപകരും സ്വന്തം മകളെ പോലെ ഹന്നയെ ശ്രദ്ധിക്കുമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് നൽകിയ അദ്ധ്യാപകരുമുണ്ടായിരുന്നു എന്ന് പിതാവ് പറയുന്നു.

ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്‌കൂളിലല്ല ഹന്ന പഠിച്ചത്. മറ്റ് കുട്ടികൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ പരിഗണന തനിക്ക് നൽകുന്നതിനോടും ഹന്നയ്ക്ക് യോജിപ്പില്ല. മറ്റുള്ളവരെ പോലെ തനിക്കും എല്ലാം സാധ്യമാണെന്നാണ് ഹന്ന വിശ്വസിക്കുന്നത്.

മാതാപിതാക്കളുടെ പിന്തുണ: നോക്കി വായിക്കാൻ കഴിയാത്തതിനാൽ കംമ്പ്യൂട്ടർ സഹായത്തോടെ പുസ്‌തകങ്ങങ്ങൾ വായിച്ച് കേൾക്കുകയാണ് ചെയ്യുന്നത്, എഴുതുന്നതും കമ്പ്യൂട്ടർ സഹായത്തോടെയാണ്. പഠിക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിട്ട വിഷയം ഗണിതമാണ്. ജോമെട്രി ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ പഠിച്ചെടുക്കുന്നത് ശ്രമകരമായിരുന്നുവെന്നും ഹന്ന പറയുന്നു.

അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ബ്രെയിൽ ലിപിയാണ് ഉപയോഗിച്ചിരുന്നത്. അധ്യാപിക കൂടിയായ അമ്മ ലിജ ഇതിനായി ബ്രെയിൽ ലിപി പഠിച്ചു. ഇന്ന് ആധുനിക സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് ഹന്ന തന്‍റെ വായനയും പഠനവും മുന്നോട്ട് കൊണ്ടുപോകുന്നത്.

പിതാവ് സൈമണ്‍ പറഞ്ഞു തന്ന കഥകൾ വായനയിലേക്ക് തിരിയാൻ എന്നെ പ്രേരിപ്പിച്ചു. ലോക്ക്ഡൗൺ കാലത്ത് ഹന്ന 6 ചെറുകഥകൾ എഴുതി. ‘വെൽകം ഹോം’ എന്ന ആദ്യ പുസ്തകം ജൂലൈ 15ന് പുറത്തിറങ്ങി. ഒരു മനഃശ്ശാസ്ത്രജ്ഞയാകാനാണ് ഹന്നയുടെ ആഗ്രഹം. ഒപ്പം സംഗീതവും എഴുത്തും തുടരുമെന്ന് ഹന്ന പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News