ഒരൊറ്റ സിറിഞ്ച് ഉപയോഗിച്ച് 39 വിദ്യാർത്ഥികൾക്ക് കൊറോണ വാക്സിൻ നൽകി!

സാഗർ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഒരു സ്‌കൂളിലെ 39 കുട്ടികൾക്ക് ഒറ്റ സിറിഞ്ച് ഉപയോഗിച്ച് കൊറോണ പ്രതിരോധ വാക്‌സിൻ നൽകിയതായി ആരോപണം. കുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ജില്ലയിലെ ജെയിൻ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾക്കായി മഹാത്രികകരണ അഭിയാന്റെ ഭാഗമായി ക്യാമ്പ് നടത്തി വാക്‌സിനേഷൻ നടത്തുകയായിരുന്നു. വാക്സിനേറ്റർ കുട്ടികൾക്കെല്ലാം ഒറ്റ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്പ് നൽകുന്നത് ചില രക്ഷിതാക്കൾ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

സ്കൂളിൽ നടന്ന മെഗാ വാക്സിനേഷൻ ഡ്രൈവ് കാരണമാണ് ഈ സംഭവം ശ്രദ്ധയില്‍ പെടാതെ പോയതെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടർന്ന് വാക്സിനേറ്റർ ജിതേന്ദ്ര അഹിർവാറിനെതിരെ പരാതി നല്‍കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, കുത്തിവെപ്പ് എടുത്ത 15 വയസും അതിൽ കൂടുതലുമുള്ള 39 കുട്ടികളും ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവരാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

രക്ഷിതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന്, സാഗർ ഇൻചാർജ് കളക്ടർ ക്ഷിതിജ് സിംഗാള്‍ വിഷയം അന്വേഷിക്കാൻ ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ.ഡി.കെ.ഗോസ്വാമിയെ നിയോഗിച്ചു. വാക്‌സിനേറ്റർ ഇതേ സിറിഞ്ച് ഉപയോഗിച്ചാണ് 39 കുട്ടികൾക്ക് കുത്തിവയ്പ് നൽകിയതെന്ന് സ്ഥലത്തുണ്ടായിരുന്നവർ ഗോസ്വാമിയോട് പറഞ്ഞതായി ഓഫീസർ പറഞ്ഞു.

രക്ഷിതാക്കളുടെ എതിർപ്പിനെത്തുടർന്ന് അഹിർവാർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സിഎംഎച്ച്ഒ സ്‌കൂളിൽ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. കുറ്റവാളി തൽക്കാലം ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 336 (മനുഷ്യന്റെ ജീവനോ മറ്റുള്ളവരുടെ വ്യക്തിപരമായ സുരക്ഷയോ അപകടപ്പെടുത്തുന്ന അശ്രദ്ധ) പ്രകാരം അഹിർവാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഗോപാൽഗഞ്ച് പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News