ബഫര്‍സോണ്‍ – അവ്യക്തതയേറെയുള്ള മന്ത്രിസഭാ തീരുമാനം ജനങ്ങള്‍ക്ക് മുഖവിലക്കെടുക്കാനാവില്ല: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: ബഫര്‍സോണ്‍ സംബന്ധിച്ച് ജൂലൈ 27ന് എടുത്തിരിക്കുന്ന മന്ത്രിസഭാ തീരുമാനം അവ്യക്തവും കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തുന്നതുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ബഫര്‍സോണോ, പരിസ്ഥിതിലോല പ്രദേശമോ വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് വ്യാപിപ്പിക്കുകയെന്നാല്‍ ഇവ വനഭൂമിയിലല്ലെന്ന് വ്യക്തമാണ്. പട്ടയ, റവന്യൂ ഭൂമിയിലേയ്ക്കു മാത്രമേ വനാതിര്‍ത്തി വിട്ട് ബഫര്‍ സോണ്‍ വ്യാപിപ്പിക്കാനാവൂ. ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്ന നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പുതിയ മന്ത്രിസഭാതീരുമാനവും ഭാവിയില്‍ ജനങ്ങള്‍ക്ക് തിരിച്ചടിയാകും. വനാതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച് വനത്തിനുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തുകയാണ് വേണ്ടത്.

സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ലഭിച്ച ആക്ഷേപങ്ങള്‍ പരിഗണിച്ച് ജനവാസ മേഖലകള്‍ പൂര്‍ണ്ണമായും കൃഷിയിടങ്ങളും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് വനം – വന്യജീവി വകുപ്പ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നടപടികള്‍ അംഗീകരിച്ചുവെന്ന് മ്രന്തിസഭാതീരുമാനം പ്രസിദ്ധീകരിച്ചിരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നടപടികളും രേഖകളും ജനങ്ങളുടെ അറിവിലേയ്ക്കായി വനംവകുപ്പ് പുറത്തുവിടണം.

മലയോരമേഖലയിലെ ജനങ്ങളും വനംവകുപ്പും തമ്മില്‍ വന്യജീവി അക്രമണം, ഭുപ്രശ്‌നങ്ങളില്‍ കാലങ്ങളായി രൂപപ്പെട്ടിരിക്കുന്ന അരക്ഷിതാവസ്ഥ നിലനില്‍ക്കുമ്പോള്‍ ബഫര്‍സോണ്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ക്കും കേസുകള്‍ നടത്തുന്നതിനുമായി വനംവകുപ്പിനെ ഉത്തരവാദിത്വമേല്‍പ്പിക്കുന്നത് ജനങ്ങള്‍ എതിര്‍ക്കണം. കള്ളനെ കാവലേല്‍പ്പിക്കുന്നതിന് തുല്യമാണിത്.

കൃഷിയിടങ്ങളും ജനവാസമേഖലകളും ഒഴിവാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചുവെന്ന മന്ത്രിസഭാതീരുമാനത്തില്‍ നിഗൂഡതക ളേറെയുണ്ട്. നിയമസഭാപ്രമേയവും മന്ത്രിസഭാതീരുമാനങ്ങളും നീതിന്യായ കോടതികള്‍ മുഖവിലയ്‌ക്കെടുക്കില്ല. നിയമങ്ങളും രേഖകളുമാണ് കോടതി വിധിപ്രഖ്യാപനത്തിന് പരിഗണിക്കുന്നത്. ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തിയുള്ള നിയമനിര്‍മ്മാണമുണ്ടാക്കാതെ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരമുണ്ടാകില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News