സൗഹൃദം പൂത്തുലയുന്ന അനർഘ നിമിഷങ്ങൾ (ലേഖനം): സണ്ണി മാളിയേക്കൽ

രാവിലെ 9 മണി ഡോ. മേനോന്റെ ഒരു ചിത്രം വാട്സപ്പിൽ വന്നു… കൂടെ ഒരു അടിക്കുറിപ്പും…”എടാ.. ഞാൻ പോളണ്ടിലെ വാർസോ റെയിൽവേ സ്റ്റേഷനിൽ ഉക്രൈൻ ബോർഡറിലേക്കുള്ള ട്രെയിൻ കാത്തു നിൽക്കുന്നു.” യുദ്ധത്തിന്റെ തീവ്രത കുറഞ്ഞപ്പോൾ, നാട്ടിൽ വിഷമിച്ചിരിക്കുന്ന പ്രായമായ അമ്മയേയും സഹോദരിമാരെയും ഒരു നോക്ക് കാണാൻ ഓടി വന്നതാണ് ഞങ്ങൾ ‘മേനോൻസ്കി’ എന്ന് വിളിക്കുന്ന ഡോ. യു പി ആർ മേനോൻ. യുദ്ധം കൊടുമ്പിരികൊണ്ട സമയം അവിടത്തെ വിവരങ്ങൾ മലയാള ദൃശ്യമാധ്യമങ്ങളിൽ കൂടി നമ്മെ അറിയിച്ചിരുന്ന കീവിലെ ഡോ മേനോൻ. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു ചിത്രം ..ട്രെയ്നിൽ ഇരിക്കുന്ന മേനോൻ…. ഞാനൊന്ന് വെറുതെ വാട്സപ്പിൽ വിളിച്ചു നോക്കി.

ഭാഗ്യം കണക്ഷൻ കിട്ടി…. പക്ഷെ സംസാരം അവ്യക്തം…. അത്യാവശ്യം കാര്യങ്ങൾ പിടികിട്ടി….. രാവിലെ വാർസോയിൽ നിന്നും പുറപ്പെട്ട ട്രെയിൻ വൈകിട്ട് ഉക്രൈൻ ബോർഡറിൽ എത്തും.

അവിടുന്ന് വേറെ ട്രെയിൻ …രാവിലെ ഏഴു മണിയോടെ കീവിൽ…… വിവരങൾ കുരുവിളയോടു പറയാൻ അവൻ ആവശ്യപ്പെട്ടു.

ഞാൻ ഫോണിലെ വേൾഡ് ക്ലോക്കിൽ നോക്കി. കേരളത്തിൽ സമയം പുലർച്ചെ രണ്ടു മണി. കുരുവിള നല്ല ഉറക്കത്തിലായിരിക്കും.. ശല്യം ചെയ്യണ്ട…. വാട്സാപ്പിൽ മെസ്സേജ് ഇട്ടു…. “മേനോൻസ്കി ഓൺ ദി വേ ടു കീവ് ബൈ ട്രെയിൻ.” ഞാൻ വീണ്ടും ഡാളസിലെ എന്റെ വീട്ടിൽ വിളഞ്ഞു നിൽക്കുന്ന കോവക്ക ഭാര്യയോടൊപ്പം പറിക്കാൻ തുടങ്ങി. ഉച്ചയ്ക്ക് ഒരു ‘ഇൻസുലിൻ’ കറിയായല്ലൊ !!!

അതിനിടയിൽ ഭാര്യ എന്നോട് ചോദിച്ചു ” നിങ്ങൾ മൂന്നു പേരുടെയും ഫ്രണ്ട്ഷിപ്പ് തുടങ്ങിയിട്ട് എത്ര കാലമായി ?” പറിച്ചെടുത്ത ഒരു പിടി കോവക്ക അവളുടെ കൈയ്യിലേക്ക് കൊടുത്തുകൊണ്ട് ഞാൻ കണക്ക് കൂട്ടി….. ഹൊ… അമ്പതു കൊല്ലം… സാഹിത്യ ഭാഷയിൽ പറഞ്ഞാൽ അര നൂറ്റാണ്ട്!

ഓർമ്മകൾ റിവേഴ്‌സ് ഗിയറിൽ വീണു..

1972-ലാണ് ഞങ്ങൾ കണ്ടുമുട്ടിയത്. ആലുവ സെറ്റിൽമെന്റ് ഹൈസ്കൂളിൽ സഹപാഠികളായി. അല്പം വികൃതികളായിരുന്നു ഞങ്ങൾ. സത്യം പറഞ്ഞാൽ കൊച്ചു കൊച്ചു കുസൃതികളായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനം. അഗസ്റ്റിൻ, രാമൻ മേനോൻ, പിന്നെ ഞാൻ എം പി സണ്ണി. അന്നത്തെ അദ്ധ്യാപകരും സഹപാഠികളും ഞങ്ങളെ ഒരിക്കലും മറക്കാൻ സാദ്ധ്യതയില്ല.

വ്യത്യസ്തമായ സാഹചര്യങ്ങൾ ആണ് ഞങ്ങളുടെ കുടുംബങ്ങളെ ആലുവയിലെത്തിച്ചത്. ഇരുമ്പ്, പെയിന്റ് വ്യാപാരിയായ കോട്ടയം സ്വദേശി പൈലോയുടെ മകൻ സണ്ണിയെന്ന ഞാൻ, ആലുവ പോലീസ് ഡപ്യൂട്ടി എസ് പി ആയിരുന്ന കൊടുങ്ങല്ലൂർ സ്വദേശി യു പി ആർ മേനോന്റെ മകൻ രമണൻ, തൊടപുഴയിൽ നിന്നും ബിനാനി സിങ്കിൽ ജോലിക്കെത്തിയ കുരുവിളയുടെ മകൻ അഗസ്റ്റിൻ.

ഹൈസ്കൂൾ കഴിഞ്ഞു… ഞങ്ങൾ മൂന്നു പേരും മൂന്നു വഴിയിൽ പിരിഞ്ഞു….. ഉപരിപഠനത്തിനും ഉപജീവനത്തിനുമായി…..

1980 ൽ രമണൻ അന്നത്തെ യു എസ് എസ് ആറിലേക്ക് മെഡിക്കൽ പഠനത്തിന്… അവിടെ വച്ച് കണ്ടുമുട്ടിയ യുക്രൈൻ കാരി നടാഷ ജീവിത പങ്കാളിയായി. പുത്രൻ രാജീവ് മേനോൻ ഉക്രൈനിലെ കീവിൽ സ്ഥിര താമസം. സർജനായ ഡോ യു പി ആർ മേനോൻ ഉക്രൈനിൽ ഫാര്‍മസ്യൂട്ടിക്കല്‍ സെക്ടറിൽ ജോലി.

1984-ല്‍ ഞാൻ അമേരിക്കയിൽഎത്തി, ഒരു മലയാള പത്രത്തിനുവേണ്ടി ലോസാഞ്ചലസ് ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യാൻ. പിന്നീട് അമേരിക്കയിലെ വ്യവസായിയായി മാളിയേക്കൽ സണ്ണി എന്ന ഞാൻ മാറി. ആലുവക്കാരി ആനിയാണ് ഭാര്യ. മക്കൾ സൂസൻ, സാക്ക്, ടാമി. റസ്റ്റോറന്റ്, കണ്‍സ്‌ട്രക്‌ഷന്‍, റിയല്‍ എസ്റ്റേറ്റ് മേഖലകളിൽ പ്രാവീണ്യം. അറിയപ്പെടുന്ന പൊതു, സാംസ്കാരിക, പത്രപ്രവർത്തകൻ. സ്ഥിര താമസം ടെക്സസിലെ ഡാളസിൽ. അഗസ്റ്റിൻ നാട്ടിൽ തന്നെ കൂടി. “മേരാ ഭാരത് മഹാൻ” അഥവാ ഗോഡ്സ് ഓൺ കൺട്രി. സിനിമയും ടൂറിസവും ഉപജീവനമാക്കി. ഭാര്യ മായ. എൽസയും സിറിയക്കും മക്കൾ.

ഷഷ്ടിപൂർത്തി പിന്നിട്ട ഈ അവസ്ഥയിലും ഞങ്ങൾ പണ്ടത്തെപോലെ കുസൃതിത്തരങ്ങൾ ഒട്ടും കുറക്കാതെ കുടുംബസമേതം അവധികൾ ആസ്വദിക്കാൻ സമയം കണ്ടെത്തുന്നു. ഹൈസ്കൂൾ, കൗമാര കാലത്തെ അതേ ഊഷ്മളതയോടു കൂടെ…. അ‌ണ്‍‌കണ്ടീഷണലി…. ഇന്‍ഫോര്‍മലി….!

നാട്ടിലും അമേരിക്കയിലും പല തവണ ഒത്തു കൂടി എങ്കിലും കോവിഡ്, യുദ്ധം തുടങ്ങിയ കാരണങ്ങൾകൊണ്ട് മാറ്റി വച്ച ഉക്രൈൻ വെക്കേഷൻ ഇനി എന്ന് സാധിക്കും എന്ന സങ്കടം മാത്രം ബാക്കി വച്ചു കൊണ്ട്…..

Print Friendly, PDF & Email

3 Thoughts to “സൗഹൃദം പൂത്തുലയുന്ന അനർഘ നിമിഷങ്ങൾ (ലേഖനം): സണ്ണി മാളിയേക്കൽ”

  1. yousaf

    Happy Friendship Day

  2. Shainy P

    Warm relationships between individuals are called friendship. Human being a social being, good friendships bring joy and happiness in life. That’s why friendships are indispensable from small children to old age.

    Happy Friendship Day….

  3. രാജേഷ് സി എം

    സുഹൃദ്ബന്ധങ്ങളെക്കുറിച്ചുള്ള ലേഖനം നന്നായിരിക്കുന്നു. സ്കൂള്‍/കോളേജ് കാലഘട്ടങ്ങളിലെ സുഹൃദ്ബന്ധങ്ങളാണ് ശാശ്വതമായി നിലകൊള്ളുക…. ബാക്കിയെല്ലാം ‘ഈയ്യാം പാറ്റകള്‍ക്ക്’ തുല്യം.

    ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ

Leave a Comment

More News