കാര്‍ഷിക പ്രശ്‌നങ്ങള്‍: രാഷ്ട്രീയ കിസാന്‍ മഹാ സംഘ് രണ്ടാംഘട്ട കര്‍ഷക പ്രക്ഷോഭത്തിലേക്ക്

കൊച്ചി: ബഫര്‍സോണ്‍, ഇ എസ് എ, വന്യമൃഗശല്യം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയില്ലായ്മ, കര്‍ഷക പെന്‍ഷന്‍ അട്ടിമറി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടും ജപ്തി, ലേല, റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവയ്കണമെന്നാവശ്യപ്പെട്ടു കൊണ്ടും രാഷ്ട്രീയ കിസാന്‍ മഹാ സംഘ് രണ്ടാം ഘട്ട കര്‍ഷക സമരത്തിലേക്ക് നീങ്ങുന്നു . ആദ്യ ഘട്ടത്തില്‍ സെക്രട്ടറിയേറ്റും മാര്‍ച്ചും ഉപവാസവും നടത്തിയ ശേഷവും ഗവണ്‍മെന്റ് കാര്‍ഷിക മേഖലയിലെ വിഷയങ്ങള്‍ ഗൗരവതരമായിട്ടെടുത്ത് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാത്തതിനാലാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് വീണ്ടും രണ്ടാംഘട്ട സമരത്തിനൊരുങ്ങുന്നത്.

ജൂലൈ 31 ഞായറാഴ്ച രാവിലെ 11.30 മണിക്ക് എറണാകുളം ഇടപ്പള്ളി വിവി ടവറില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേരുന്ന സംസ്ഥാനഭാരവാഹികളുടെ സമ്മേളനം സമര പരിപാടികള്‍ക്ക് രൂപം നല്‍കും.

നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി ബിജു ഉല്‍ഘാടനം ചെയ്യും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനറും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ അഡ്വ.വി.സി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കും. ദേശീയ സമിതിയംഗം വി.വി ആഗസ്റ്റിന്‍, സംസ്ഥാന ഭാരവാഹികളായ മുതലാംതോട് മണി, ഡോ ജോസ് കുട്ടി ഒഴുകയില്‍, ജോയ് കണ്ണംചിറ, ജയപ്രകാശ് ടി.ജെ,അഡ്വ. സുമിന്‍ എസ് നെടുങ്ങാടന്‍, മനു ജോസഫ് , ജോയ് കൈതാരം, പി.ജെ ജോണ്‍ മാസ്റ്റര്‍, ജോര്‍ജ് സിറിയക്, സിറാജ് കൊടുവായൂര്‍, അഡ്വ. ജോണ്‍ ജോസഫ്, വിദ്യാധരന്‍ ചേര്‍ത്തല, സണ്ണി ആന്റണി തുടങ്ങിയവര്‍ സംസാരിക്കും.

സംസ്ഥാനം നേരിടുന്ന വിവിധങ്ങളായ കാര്‍ഷിക പ്രശ്‌നങ്ങളില്‍ എല്ലാ കര്‍ഷക സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങണമെന്നും, ഡല്‍ഹി സമരം കേരളത്തില്‍ ആവര്‍ത്തിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും, സംഘടിത കര്‍ഷക മുന്നേറ്റങ്ങളെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പിന്തുണയ്ക്കുമെന്നും ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് പറഞ്ഞു

Print Friendly, PDF & Email

Leave a Comment

More News