പുനലൂര്‍ വെള്ളച്ചാട്ടത്തിലെ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒരാള്‍ക്ക് പരിക്ക്; അപകടത്തില്‍ പെട്ട അഞ്ചു പേരെ രക്ഷപ്പെടുത്തി

കൊല്ലം: പുനലൂർ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒരാള്‍ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഇയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട അഞ്ച് പേരെ പോലീസും ഫയർഫോഴ്‌സും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി.

സംഭവത്തെ തുടർന്ന് കുംഭാവുരുട്ടിയിലും അച്ചൻകോവിലിലും സന്ദർശകർക്ക് കുളിക്കുന്നതിന് വിലക്കേർപ്പെടുത്തി. ചെങ്കോട്ട-അച്ചൻകോവിൽ റോഡിൽ നിന്ന് നാല് കിലോമീറ്റർ അകലെ ഉൾവനത്തിലാണ് കുംഭവരുട്ടി വെള്ളച്ചാട്ടം.

തമിഴ്‌നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണിത്. അവധി ദിനമായതിനാല്‍ ഇന്ന് ഇവിടേക്ക് നിരവധി സഞ്ചാരികളെത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഇന്നലെയും കനത്ത മഴയാണ് പെയ്‌തത്. വനമേഖലയില്‍ പെയ്‌ത മഴയെ തുടർന്ന് ഉരുള്‍പൊട്ടലുണ്ടായതാണ് മലവെള്ളപ്പാച്ചിലിന് കാരണം എന്നാണ് സംശയം. അച്ചന്‍കോവില്‍ ആറിന്‍റെ കൈവഴിയാറും, പുലിക്കവല, കാനയാര്‍ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തില്‍ എത്തുന്നത്.

250 അടി ഉയരത്തിൽ നിന്നാണ് വെള്ളം ഒഴുകുന്നത്. ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണിത്. ഇതര സംസ്ഥാനക്കാരടക്കം നിരവധി വിനോദ സഞ്ചാരികളാണ് ദിനം‌പ്രതി ഇവിടെ എത്തിച്ചേരുന്നത്. അതേസമയം, പാറക്കെട്ടുകളും ചുഴികളും നിറഞ്ഞ ഈ മേഖലയിൽ അപകടങ്ങളും പതിവാണ്.

Print Friendly, PDF & Email

Leave a Comment

More News